വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റവും റാഗിംഗ് നിരോധന നിയമവും ചുമത്തിയാണ് അറസ്റ്റ്. ആറ് പേരും സിദ്ധാർത്ഥിനെ മർദ്ദിച്ചവരാണെന്ന് പോലീസ് വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ട് പേരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ആറ് പേരാണ് അറസ്റ്റിലായത്. ഇവർ സിദ്ധാർത്ഥിനെ മർദ്ദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു. ഇവർക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു. പ്രതിപ്പട്ടികയിൽ 18 പേരാണുള്ളത്. ആദ്യം പ്രതി ചേർത്ത എസ്എഫ്ഐ നേതാവ് ഉൾപ്പടെ ഇപ്പോഴും കാണാമറയത്താണ്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സിദ്ധാർത്ഥ് അതിക്രൂര മർദ്ദനത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Discussion about this post