കൊച്ചി: ഭാരതത്തെ ശിഥിലീകരിക്കുന്ന ആഖ്യാനങ്ങൾ ഉണ്ടായാൽ അത് ചെറുത്തു തോൽപിക്കണം എന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ്. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച സോഷ്യൽ മീഡിയ കോൺഫ്ളുവൻസ് ലക്ഷ്യ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് സമൂഹ മാധ്യമങ്ങളിൽ ആണ് ആഖ്യാനങ്ങൾ കൂടുതൽ കാണുന്നത്. അതിൽ സത്യവും അസത്യവും ഉണ്ട്. മഹാഭാരതത്തിലും അത് കാണാം. സത്യം സത്യമായി റിപ്പോർട്ട് ചെയ്യണം. മാധ്യമ പ്രവർത്തകർ സത്യത്തിനായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മഹത്തായ രാഷ്ട്രം ആണ്. ലോകമാകെ അത് അംഗീകരിച്ചു. എന്നാൽ ഇവിടെ മാത്രം കുറച്ചു പേർക്ക് അത് പ്രശ്നം ആണ്. ഭാരതം മുന്നോട്ട് പോവുക തന്നെ ചെയ്യും. ആര് തടയാൻ ശ്രമിച്ചാലും, അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ സന്ദേശ് ഖാലി യിൽ കണ്ടത് ഗുണ്ടകൾക്ക് എതിരേ സ്ത്രീകൾ നടത്തിയ മുന്നേറ്റം ആയിരുന്നു എന്നും അവിടെ നാരീ ശക്തിയാണ് ഉണർന്നതെന്നും ആനന്ദ ബോസ് പറഞ്ഞു. മൂവായിരത്തോളം പേർ തിങ്ങി പാർക്കുന്ന ഒരു തുരുത്ത് ആണ് സന്ദേശ് ഖാലി. പാലം പോലും ഇല്ല. ഷെയ്ക് ഷാജഹാനും ഗുണ്ടകളും അവിടെ നടത്തിയ അതിക്രമങ്ങൾ അറിഞ്ഞപ്പോൾ അവിടേക്ക് പോകാൻ തീരുമാനിച്ചു. മാധ്യമ പ്രവർത്തകരെയും ഒപ്പം കൂട്ടി. സുരക്ഷയുടെ പേരിൽ അവിടേക്ക് പോകരുത് എന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞത്. മാധ്യമ പ്രവർത്തകരെയും തടഞ്ഞു. അതെല്ലാം മറികടന്ന് അവിടുത്തെ സ്ത്രീകളുടെ അടുത്തെത്തി. അവർക്കൊപ്പം ഗവർണർ ഉണ്ടാകുമെന്ന് ഉറപ്പ് കൊടുത്തു. അവർ സഹോദര സ്ഥാനത്ത് കണ്ട് കയ്യിൽ രാഖി ബന്ധിച്ചു. അവരുടെ മാനം കാക്കേണ്ടത് തൻ്റെ ഉത്തരവാദിത്തം ആയിരുന്നു എന്നും ആനന്ദ ബോസ് പറഞ്ഞു. പിന്നീട് കണ്ടത് സ്ത്രീകൾ ഗുണ്ടകളെ തിരിച്ചു അടിക്കുന്ന കാഴ്ചയാണ്. അമ്മമാരാണ് ബംഗാളിൽ മാറ്റം കൊണ്ടുവന്നത്. മൈത്രേയിയും ഗാർഗിയും നേതൃത്വം കൊടുത്ത അധ്യാത്മിക, ബൗദ്ധിക മണ്ഡലം സ്ത്രീകൾ കീഴടക്കണമെന്നും അറിവ് തിരിച്ചറിവാക്കുന്നത് അമ്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി യുമായി പ്രശ്നങ്ങൾ ഇല്ല. പാമ്പും കീരിയും കളി നിർത്തി. ഇപ്പൊ ടോം ആൻഡ് ജെറി പോലെ ആണെന്ന് ആനന്ദ ബോസ് പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ കെ.സി.നരേന്ദ്രൻ അധ്യക്ഷനായി.ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്.സുദർശനൻ, , നടൻ ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, ആർ എസ് എസ് പ്രചാർ പ്രമുഖ് എം .ബാലകൃഷ്ണൻ, പ്രചാർ സമിതി അംഗം വി.വിശ്വരാജ്എന്നിവർ സംസാരിച്ചു.
പിന്നീട് നടന്ന സെഷനുകളിൽ ഡോ. ആരിഫ് ഹുസ്സൈൻ തെരുവത്ത്, സന്ദീപ് വചസ്പതി, ഷാജൻ സ്കറിയ, പി.സന്ദീപ്, പി.ആർ. ശിവശങ്കരൻ, വിനോദ് സ്ട്രിങ്സ്, നടി ശിവദ, വാർത്ത അവതാരക ലക്ഷ്മി, അഡ്വ.ഒ.എം. ശാലീന തുടങ്ങിയവർ പങ്കെടുത്തു. സമാപന പരിപാടിയിൽ ആർ എസ് എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണൻ പ്രഭാഷണം നടത്തി.
Discussion about this post