പത്തനംതിട്ട: ജപ്തിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തെ ഏറ്റെടുത്ത് സേവാഭാരതി. പത്തനംതിട്ട ആനിക്കാട് സ്വദേശി ഹരികുമാറിന്റെ കുടുംബത്തിനാണ് സേവാഭാരതി സഹായം എത്തിച്ചത്. കുടുംബത്തെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി. ഹരികുമാറിന്റെ പ്രായമായ അമ്മയുടെ ആഗ്രഹപ്രകാരം വീട് ബാങ്കിൽ നിന്ന് ലേലം പിടിച്ച് കുടുംബത്തിന് കൈമാറുമെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു.
മാർച്ച് 14- നാണ് ഹരികുമാറിന്റെ വീട് ജപ്തി ചെയ്തത്. ഇതിന് ശേഷം വീടിന്റെ മുറ്റത്താണ് അമ്മയും ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബം അന്തിയുറങ്ങിയത്. 2012 ലാണ് വീട് പുതുക്കി പണിയാൻ മല്ലപ്പളളി ഹൗസിങ് സഹകരണ സംഘത്തിൽ നിന്ന് 2 ലക്ഷം രൂപ വായ്പ എടുത്തത്. 1.75 ലക്ഷം രൂപ അടച്ചെങ്കിലും ആധാരം വീണ്ടെടുക്കാൻ ഇവർക്ക് സാധിച്ചില്ല.
ആറ് ദിവസമായി മുറ്റത്ത് കിടക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയതെന്ന് ഹരികുമാർ പറഞ്ഞു. ഒടുവിൽ സേവാഭാരതി എത്തിയാണ് വാടക വീട്ടിലേക്ക് മാറ്റിയത്. ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും കിടക്കാൻ ഇടമില്ലാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു, ഹരികുമാർ കൂട്ടിച്ചേർത്തു. പ്ലസ്ടു പരീക്ഷ എഴുതുന്ന മകൾക്ക് സ്വസ്ഥമായി പഠിക്കാൻ ഇടം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം.
Discussion about this post