പറവൂര്‍: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ മുന്‍ സംഘചാലകുമായ പി. രവി അച്ചന് ജന്മനാട് വിട ചൊല്ലി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കള്‍ രാത്രി തൃപ്പൂണിത്തുറ ലോട്ടസ് നന്ദനം അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തകാര്യകാരി അംഗം എ.ആര്‍. മോഹനന്‍, എം. ഗണേശന്‍, തുടങ്ങി നിരവധി പ്രമുഖര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബില്‍ എത്തിച്ച മൃതദേഹത്തില്‍ കെ. ബാബു എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രമാ സന്തോഷ്, എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജി. ശ്രീകുമാര്‍, തപസ്യ തൃപ്പൂണിത്തുറ യൂണിറ്റ് രക്ഷാധികാരി എംആര്‍എസ് മേനോന്‍, അധ്യക്ഷന്‍ എം.എല്‍. രമേശ്, സംസ്ഥാനസമിതി അംഗം കെ. സതീഷ് ബാബു, സംസ്‌കാര്‍ഭാരതി ദേശീയസമിതി അംഗം കെ. ലക്ഷ്മിനാരായണന്‍ തുടങ്ങി രാഷ്ടീയ, സാംസ്‌കാരിക, കായിക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
ഉച്ചയ്‌ക്ക് ഒരു മണിയോടെ മൃതദേഹം വടക്കന്‍ പറവൂര്‍ പാലിയത്തെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. 2.30 ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ പ്രദേശവാസികള്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
സ്ഥാനാര്‍ത്ഥികളായ കെ.ജെ ഷൈന്‍, ഹൈബി ഈഡന്‍, ആര്‍എസ്എസ് ജില്ലാ ധര്‍മ്മജാഗരണ്‍ സംയോജക് ടി.ആര്‍. സതീശന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ.് ശര്‍മ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വന്‍, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനില്‍കുമാര്‍, മേള വിദ്യാന്‍ പെരുവനം കുട്ടന്‍ മാരാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഏക മകന്‍ റാം മോഹന്‍ ചിതക്ക് തീ കൊളുത്തി.
Discussion about this post