കോഴിക്കോട്: മൂല്യബോധം കലയിലൂടെ എന്ന സന്ദേശവുമായി ബാലഗോകുലം സംസ്ഥാനകലോത്സവത്തിന് നാളെ തുടക്കം. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന കലോത്സവം ഏഴിന് സമാപിക്കുമെന്ന് ബാലസാഹിതീ പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനാലു ജില്ലകളില്‍ നിന്നും ഒന്നാംസ്ഥാനം നേടിയ മൂവായിരം ഗോകുലാംഗങ്ങള്‍ 92 ഇനങ്ങളില്‍ മത്സരിക്കും. ഏഴ് വേദികളിലായാണ് മത്സരം. സംഗീത നൃത്ത ഇനങ്ങള്‍ക്കുപുറമെ നാരായണീയം, ജ്ഞാനപ്പാന, കൃഷ്ണഗാഥ, ഭഗവദ്ഗീത, ഹരിനാമകീര്‍ത്തനം എന്നീ സാംസ്‌കാരിക ഇനങ്ങളിലും ഇത്തവണ മത്സരം നടക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥി ആയിരിക്കും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍ കലോത്സവ സന്ദേശം നല്കും. വേദവ്യാസ പ്രിന്‍സിപ്പല്‍ എം. ജ്യോതീശന്‍ സംസാരിക്കും. ഉദ്ഘാടന സഭയില്‍ പി.കെ. ഗോപി രചിച്ച് ബാലഗോകുലം തിരൂര്‍ ജില്ല ഒരുക്കുന്ന അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന സംഗീതശില്‍പ്പം അരങ്ങേറും.
ഞായറാഴ്ച 12.30ന് സമാപന സമ്മേളനം കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍, കെ. അജിത്ത് കൊച്ചി എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. ശങ്കര്‍ മഹാദേവന്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. പ്രശോഭ്, മേഖലാ ഉപാധ്യക്ഷന്‍ പി.എം. ശ്രീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post