കായംകുളം: എംഎസ്എം കോളജില്‍ ആര്‍ട്‌സ് ഡേയുടെ ഭാഗമായി ഹമാസ് ഭീകരരുടെ വേഷം ധരിച്ചു മാര്‍ച്ച് നടത്തിയതില്‍ ഒളിച്ചുകളിച്ച് കേരള പോലീസ്. കഴിഞ്ഞ മാസം ഏഴിന് കോളജ് കാമ്പസില്‍ നിന്നാരംഭിച്ച് ദേശീയപാതയില്‍ ഒരു കിലോമീറ്ററോളം നടന്ന മാര്‍ച്ചില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിശദീകരണം ചോദിച്ചു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മറച്ചുവച്ചു. ഹമാസ് ഭീകരവാദികളുടെ വേഷ വിതാനങ്ങളോടെ ഡമ്മി തോക്കുകളും പതാകകളുമേന്തിയായിരുന്നു മാര്‍ച്ച്. നിരവധി വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
കളിത്തോക്കുകളെന്നു നിസ്സാരമാക്കിയാണ് ജില്ലാ പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഭീകര സംഘടനകളുടെയും മറ്റു ദേശ വിരുദ്ധ ശക്തികളുടെയും പതാകകളേന്തി ശക്തി പ്രകടനം നടത്തുന്നത് യുഎപിഎ പരിധിയില്‍ വരുമെന്നിരിക്കേയാണ് കേരള പോലീസിന്റെ മൗനം. മുഖംമൂടി ധരിച്ച്, കണ്ണുകള്‍ മാത്രം കാണിച്ച്, കൈകളില്‍ വ്യാജ ആയുധങ്ങളുമായി ഒരുസംഘം മാര്‍ച്ച് നടത്തിയിട്ടും പോലീസ് നിഷ്‌ക്രിയമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായിട്ടും പോലീസ് മൗനം പാലിക്കുന്നു.
ഇടതുജിഹാദി സംഘടനകളില്‍പ്പെട്ട വിദ്യാര്‍ഥികളാണ് സംഭവത്തിനു പിന്നിലെന്നാണ് അഭ്യൂഹം. ആര്‍ട്സ് ഡേയുടെ ഭാഗമായുള്ള ഫാന്‍സി ഡ്രസ് മാത്രമായിരുന്നെന്നാണ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ പറയുന്നത്. ഹമാസ് അനുകൂല പ്രകടനത്തിന്റെ ദൃശ്യങ്ങളാണെന്നത് തെറ്റായ പ്രചരണമാണെന്ന് കായംകുളം പോലീസും പറയുന്നു. കോളജ് അധികൃതരും മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ന്യായീകരിക്കുകയാണ്.
Discussion about this post