പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുശക്തവും സുസ്ഥിരവുമായ ദേശീയ സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് മാവേലിക്കരയില്‍ ചേര്‍ന്ന ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
അഴിമതി സര്‍ക്കാരുകള്‍ ജനങ്ങളെ അപഹസിച്ചപ്പോഴും അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചപ്പോഴും അതിനെല്ലാമെതിരെ അശനിപാതമായി ഭാരതപൗരന്മാരുടെ ചൂണ്ടുവിരല്‍ മഷി മാറി എന്നത് ചരിത്രമാണ്. കൂട്ടുകക്ഷി സര്‍ക്കാരുകള്‍ കൈയിട്ടുവാരി രാജ്യം കൊള്ളയടിച്ചപ്പോള്‍ ഏകകക്ഷി സര്‍ക്കാരിന് പരവതാനി വിരിച്ച് രാജ്യത്തിന്റെ ഇച്ഛാശക്തിയും കരുത്തും തിരികെ പിടിക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിച്ച ഭാരതീയര്‍ ലോകത്തിന് വിസ്മയമാണെന്നു ചൂണ്ടിക്കാട്ടിയ കൗണ്‍സില്‍ യോഗം ഒരു പതിറ്റാണ്ടായി അഴിമതിയുടെ കറ പുരളാതെ രാജ്യപുരോഗതിയുടെ പടവുകള്‍ നിശ്ചയദാര്‍ഢ്യത്തോടെ അതിവേഗം കയറിയ ദേശീയ സര്‍ക്കാരിനെ അഭിനന്ദിച്ചു.
സുസ്ഥിര ദേശീയ സര്‍ക്കാരിനെ പുന:സ്ഥാപിക്കാന്‍ രാജ്യം കൈകോര്‍ക്കുമ്പോള്‍ കേരളീയ പൊതുസമൂഹത്തിനും വലിയ ചുമതല നിറവേറ്റാനുണ്ട്. നിക്ഷിപ്ത താത്പര്യ സംരക്ഷണത്തിനു കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ആടുന്ന നാട്യങ്ങളും ഭാരതത്തിന് ലോകരാജ്യങ്ങളില്‍ ലഭിച്ച ബഹുമാന്യതക്കുമേല്‍ കരിപുരട്ടാന്‍ നിയമസഭയ്‌ക്കകത്തും പുറത്തുമുണ്ടാക്കിയ രഹസ്യധാരണകളും രാഷ്‌ട്രീയ അവിശുദ്ധതയാണെന്നു ജനം തിരിച്ചറിയണം. കേരളത്തില്‍ ശക്തമാകുന്ന ഭീകരതയെയും വോട്ടിനായി ഭീകരതയെ പ്രീണിപ്പിക്കുന്ന ഭരണ-പ്രതിപക്ഷ കക്ഷികളേയും തിരിച്ചറിയണമെന്ന് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മാവേലിക്കര ബഥനി ജീവാരാം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തെ ശരിയായ ദിശയില്‍ നയിക്കാനുള്ള ചാലകശക്തിയായി അഭിഭാഷക സമൂഹം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. സി.കെ. ശ്രീനിവാസന്‍ ഉദ്ഘാടന സഭയില്‍ അധ്യക്ഷനായി. സമാപനസഭയില്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.ആര്‍. രാജേന്ദ്രന്‍ പറഞ്ഞു.
അഡ്വ. കെ.ഹരിദാസ്, അഡ്വ. എം.എസ്. കിരണ്‍, അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവര്‍ വിവിധ സഭകളില്‍ അദ്ധ്യക്ഷരായി. സംഘടനാ ചര്‍ച്ചയ്‌ക്ക് ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. അനില്‍ വിളയില്‍, അഡ്വ. സതീഷ് പദ്മനാഭന്‍, അഡ്വ.കെ.വി. അരുണ്‍, അഡ്വ. പി. അരുള്‍, അഡ്വ. ആര്‍. ഹേമ, അഡ്വ. പി.കെ. വിജയകുമാര്‍, അഡ്വ. ലിഷ പ്രദീപ്, അഡ്വ. ലത എന്നിവര്‍ സംസാരിച്ചു.
Discussion about this post