കോട്ടയം: തുല്യനന്മയ്‌ക്ക് വേണ്ടി തുടങ്ങിയ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മുന്നാക്ക വികസന കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. എന്നാല്‍ ഇപ്പോഴും തുല്യത വന്നിട്ടുണ്ടോയെന്നത് സംശയമാണ്. ഹിന്ദു ഐക്യവേദിയുടെ 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങള്‍ പ്രധാനമായി കരുതുന്നത് പൗരത്വമാണ്. ഭാരതീയന്‍ എന്ന ചിന്തയാവണം പ്രധാനം. ആ ചിന്തയിലേക്ക് വരാന്‍ പലരും വൈമനസ്യം കാണിക്കുന്നുണ്ട്. ആ പ്രവണത മാറണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ടി.കെ. മാധവന്റെ ചെറുമകന്‍ എന്‍. ഗംഗാധരന്‍ വൈക്കം സത്യഗ്രഹ അനുസ്മരണ ഭാഷണം നടത്തി. എന്‍. ഗംഗാധരന്‍, മന്നത്ത് പദ്മനാഭന്റെ ചെറുമകന്‍ വിനോദ് ചന്ദ്രന്‍ എന്നിവരെ ആദരിച്ചു.
കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി പ്രാര്‍ത്ഥന ആലപിച്ചു. ജെ. നന്ദകുമാര്‍ രചിച്ച ‘ഹിന്ദുത്വം പുതിയ കാലം’ എന്ന പുസ്തകം രാമചന്ദ്രന്‍ നായര്‍, എന്‍. ഗംഗാധരന് നല്കി പ്രകാശനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു വൈക്കം സത്യഗ്രഹ പ്രതിജ്ഞ ചൊല്ലി. എന്‍.യു. സഞ്ജയ് ഐക്യഗീതം ആലപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പങ്കെടുത്തു. ഹിന്ദു ഐക്യവേദി വക്താവ് ആര്‍.വി. ബാബു സ്വാഗതവും സംഘാടക സമിതി ജന. കണ്‍വീനര്‍ എം.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Discussion about this post