കൊട്ടിയൂര്‍ ദക്ഷയാഗ ഭൂമിയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വൈശാഖ മഹോത്സവം യാഗോത്സവമായാണ് അറിയപ്പെടുന്നത്. സതീദേവിയുടെ ദേഹ ത്യാഗത്തെത്തുടര്‍ന്ന് കോപിഷ്ഠനായ ശിവന്‍ മുച്ചൂടും മുടിച്ച് താണ്ഡവം തുടങ്ങിയപ്പോള്‍ പരമശിവന്റെ കോപം തണുപ്പിക്കാന്‍ മഹാവിഷ്ണു കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിച്ച് കോപം തണുപ്പിച്ചു എന്ന പുരാണ സന്ദര്‍ഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ആലിംഗന പുഷ്പാഞ്ജലി എന്ന ചടങ്ങ്. തിരുവഞ്ചിറയിലെ മണിത്തറയില്‍ സ്വയംഭൂവായി കിടക്കുന്ന ശിവലിംഗത്തെ ആലിംഗനം ചെയ്ത് കുറുമാത്തൂര്‍ ഇല്ലത്തെ സ്ഥാനികനായ പരമേശ്വരന്‍ നമ്പൂതിരിപ്പാട് കിടക്കുന്നതാണ് ഈ സവിശേഷമായ ചടങ്ങ്. ആരാധനാപൂജയുടെ ഭാഗമായി പൊന്നിന്‍ ശീവേലിയും സന്ധ്യക്ക് പാലമൃത് അഭിഷേകവും നടന്നു.
നാല് ആരാധനാ പൂജകളും അവസാനിച്ചതോടെ ഇനിയുള്ള ദിവസങ്ങളില്‍ ചതുശ്ശത പായസ നിവേദ്യങ്ങളാണ് നടക്കേണ്ടത്. മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം 8 ന് ശനിയാഴ്ച നടക്കും. ഭഗവാന്റെ ജന്മനാള്‍ കൂടിയാണ് തിരുവാതിര. ഭഗവാന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. കൊട്ടിയൂരിലെ ഊരാളന്മാരായ നായര്‍ തറവാട്ടുകാരില്‍ കരിമ്പനക്കല്‍ ചാത്തോത്ത് കുടുംബക്കാരാണ് തിരുവാതിര നാളിലെ പായസ നിവേദ്യം കാലാകാലങ്ങളായി വഴിപാ
ടായി സമര്‍പ്പിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയില്‍ പായസ നിവേദ്യം ആരംഭിക്കുക. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശര്‍ക്കരയും അതിനൊത്ത തേനും നെയ്യും ചേര്‍ത്താണ് പായസം തയ്യാറാക്കുന്നത്. ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് പുണര്‍തം ചതുശ്ശതവും, പതിനൊന്നിന് ആയില്യം ചതുശ്ശതവും നടക്കും.
13 ന് മകം നാളില്‍ കലം വരവ് നടക്കും. അന്ന് ഉച്ചക്ക് നടക്കുന്ന ഉച്ച ശീവേലിക്ക് ശേഷം അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. 16 ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവക്ക് ശേഷം 17 ന് തൃക്കലശാട്ടോടെ ഉത്സവത്തിന് സമാപനമാകും. രോഹിണി ആരാധനാ ദിവസമായ വ്യാഴാഴ്ച കൊട്ടിയൂരില്‍ നല്ലതിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രിമുതല്‍ അനുഭവപ്പെട്ട തിരക്കിന് വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണു അല്‍പ്പം ശമനമുണ്ടായത്.
Discussion about this post