കൊച്ചി: ശബരിമലയിലെ ഭസ്മക്കുളം മാറ്റി നിര്‍മ്മിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം വിശ്വാസ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. നിലവിലുള്ള ഭസ്മക്കുളം തീര്‍ത്ഥാടനത്തിന്റെ അവിഭാജ്യ ഘടകമായി ഭക്തര്‍ കരുതി വരുമ്പോള്‍ മതിയായ കാരണമില്ലാതെ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ബോര്‍ഡിന്റെ തീരുമാനം ദുരൂഹമാണെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബു പറഞ്ഞു. ദേവഹിതം നോക്കാതെയാണ് ഈ തീരുമാനമെടുത്തത്. ഭസ്മക്കുളം മലിനമാവാതിരിക്കാന്‍ മറ്റു വഴികള്‍ തേടാമെന്നിരിക്കെയാണ് ഒരു വാസ്തു ശാസ്ത്രവിദഗ്ധനെ കൂട്ടുപിടിച്ച് പുതിയ ഭസ്മക്കുളത്തിന് കോടികള്‍ മുടക്കുന്നത്. ഭക്തജനങ്ങളുടെ ഹിതമോ ക്ഷേത്രത്തിന്റെ ആചാരമോ നോക്കാതെ അശാസ്ത്രീയമായ നിര്‍മ്മിതികള്‍ സാമ്പത്തിക താല്പര്യം മുന്‍നിര്‍ത്തി മാത്രം നടത്തുന്നതാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതിക്ക് പുതിയ വഴികള്‍ തേടുകയാണ്. 18-ാം പടിക്ക് മുകളിലെ നിര്‍മ്മിതി ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. നടപ്പന്തലില്‍ പുതിയ ഗണപതി ക്ഷേത്രത്തിാനും ശ്രമം നടക്കുന്നു. ശുചിമുറികള്‍ പൊളിച്ച് കളഞ്ഞാണ് പുതിയ ക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്നത്. ദേവസ്വം ബോര്‍ഡ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വമേധയാ വിഷയത്തിലിടപെട്ട ഹൈക്കോടതി നിലപാട് സ്വാഗതാര്‍ഹവും ഭക്തര്‍ക്ക് ആശ്വാസം പകരുന്നതുമാണെന്നും ബാബു അഭിപ്രായപ്പെട്ടു.
Discussion about this post