കോട്ടയം: കുറിതൊടാന്‍ പണം കൊടുക്കണമെന്ന ദേവസ്വം ബോര്‍ഡ് തീരുമാനം അന്യായവും ദുഃഖകരവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. തീരുമാനം ഹിന്ദുക്കളോടുള്ള കാട്ടുനീതിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നാളെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെല്ലാം ഇത് നടപ്പാക്കാം. തീര്‍ത്ഥവും, പുഷ്പവും, ചന്ദനമോ, കുങ്കുമമോ, ഭസ്മമോ നല്കുന്നത് പരമ്പരാഗതമാണ്. ഇതാണ് മാറ്റിയത്. ക്ഷേത്രാചാരങ്ങളിലെ അവസാനവാക്ക് തന്ത്രിയാണെന്ന് ദേവസ്വം മന്ത്രി വാസവന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബോര്‍ഡ് ഇക്കാര്യത്തിലത് പാലിച്ചിട്ടുണ്ടോ? ശബരിമലയെ തകര്‍ക്കാനും ഹിന്ദുക്കളെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഭക്തരുടെ എണ്ണം നിയന്ത്രിച്ചു. ശബരിമല ബസ്‌കൂലി കൂട്ടി.
ചാലക്കയത്തു നിന്നും പമ്പയിലേക്കുള്ള ബസുകള്‍ നിയന്ത്രിച്ചു. എണ്ണം കുറച്ചു. ബസ് സര്‍വീസ് സൗജന്യമായി നടത്താമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ അപേക്ഷയും തള്ളി. ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനുള്ള ഗൂഢ പദ്ധതി സജീവമാണ്. ഹിന്ദുക്കളോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണം. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് ജി.കെ. സുരേഷ്ബാബു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ വിശദീകരണം നല്‍കി. സംസ്ഥാനസമിതി അംഗം എ.പി. ഭരത്കുമാര്‍ പ്രമേയം അവതരിപ്പിച്ചു.
എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് കളഭവും ഭസ്മവും സിന്ദൂരവും പ്രസാദമായി കൊടുക്കുന്നതിന് പകരം പത്ത് രൂപ വാങ്ങി കൊടുക്കാമെന്ന ദേവസ്വംബോര്‍ഡിന്റെ തീരുമാനം ആചാരവിരുദ്ധമാണെന്ന് യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷനും, ശബരിമല അയ്യപ്പ സേവാസമാജം അധ്യക്ഷനുമായ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനായി നാലു കൗണ്ടറുകള്‍ സ്ഥാപിച്ചതും ടെന്‍ഡറിലൂടെ ലക്ഷക്കണക്കിന് രൂപക്ക് കച്ചവടക്കാര്‍ക്ക് നല്‍കിയതും തെറ്റായ നടപടിയാണ്. അയ്യപ്പഭക്തര്‍ക്ക് 10 രൂപ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന ബോര്‍ഡിന്റെ നടപടിയും ശരിയല്ല. പൂര്‍ണമായും ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതരത്തില്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post