കൊച്ചി: ഭാരതത്തിന്റെ ജീവിതശൈലി സ്വീകരിച്ചാൽ ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഓ കെ മോഹനൻ. രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വച്ചു നടത്തിയ വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ഋഷി പരമ്പര ഒരു തുടർച്ചയാണ്. കഴിഞ്ഞവർഷം ഇതേസമയം നാം റാണി ദുർഗവതിയുടെ അഞ്ഞൂറാം ജന്മദിനം ആഘോഷിച്ചു. കാശിവിശ്വനാഥക്ഷേത്രം പുനർനിർമിച്ച മാതാ അഹല്യാഭായ് ഹോൾക്കറിന്റെ മുന്നൂറാം ജന്മദിനം നാമിപ്പോൾ ആഘോഷിക്കുന്നു. മഹർഷി ദയാനന്ദന്റെ ഇരുന്നൂറാം ജന്മവാർഷികവും, മഹാത്മാ ബിർസാ മുണ്ടയുടെ നൂറ്റമ്പതാം ജന്മവാർഷികവും നാം ആഘോഷിക്കുന്നു. ഇവരെല്ലാം, സ്വന്തം സുഖം ത്യജിച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരാണ്. പൊതുകാര്യം മറ്റുള്ളവർ ചെയ്തുകൊള്ളും, ഞാൻ സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങും എന്ന ചിന്തയാണ് ആളുകൾക്ക്. ഇതാണ് മാറേണ്ടത്. ആ തിരുത്തലാണ് ഡോക്ടർജി സംഘം തുടങ്ങിയതിലൂടെ നിർവഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ശതാബ്ദിയിലേക്ക് കടക്കുമ്പോൾ പഞ്ചപരിവർത്തനമാണ് സംഘം മുന്നോട്ട് വയ്ക്കുന്നത്. സാമാജിക സമരസത, കുടുംബ പ്രബോധൻ, പരിസ്ഥിതി,സ്വദേശി, പൗരധർമം എന്നിവയാണത്. സ്വയംസേവകർ കാലങ്ങളായി ചെയ്തുവരുന്നതാണ് ഇത്. ഭാരതത്തിന്റെ ആധ്യാത്മികതയും സാങ്കേതികവിദ്യയിലെ മികവും ചേർന്ന് ഭാരതത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കുന്നു. സാങ്കേതിക വിദ്യയിൽ നാം മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ടയേർഡ് ഡിജിപി എം ഹരിസേനവർമ IPS അധ്യക്ഷത വഹിച്ചു. 1947ൽ നമുക്ക് രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, ബൗദ്ധികമായ അടിമത്വത്തിൽ തന്നെയായിരുന്നു നാം. വിഘടനശക്തികൾ ഇന്നും സജീവമാണ്. സമൂഹത്തിൽ അന്യായവും അനീതിയും വളരുന്നു. മയക്കുമരുന്നിന്റെ പ്രഭാവം വർധിച്ചിരിക്കുന്നു. ഇതിനെതിരെ യുദ്ധം ചെയ്യാൻ ഈ ഭാരതത്തിൽ സംഘമല്ലാതെ മറ്റാരുമില്ലയെന്ന് ഹരിസേനവർമ പറഞ്ഞു.
എറണാകുളം നഗരത്തിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം മറൈൻ ഗ്രൗണ്ടിൽ സംഗമിച്ചു. മഹാനഗർ കാര്യവാഹ് വി എസ് രമേഷ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം അധ്യക്ഷൻ ജസ്റ്റിസ് എം രാമചന്ദ്രൻ, എറണാകുളം വിഭാഗ് സംഘചാലക് എം എ വാസുദേവൻ, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
Discussion about this post