കൊച്ചി: വഖഫ് ബോര്‍ഡ് മുനമ്പത്ത് നടത്തുന്ന കൈയേറ്റത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ സര്‍ക്കാരുമായി വിലപേശല്‍ തുടങ്ങി. 400 ഏക്കര്‍ ഭൂമി നല്‍കിയാല്‍ മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കന്നതില്‍ നിന്ന് പിന്മാറാം എന്ന് പറഞ്ഞാണ് വഖഫ് ബോര്‍ഡിനെ മുന്നില്‍ നിര്‍ത്താതെ ഫറൂക്ക് ട്രസ്റ്റ് ചര്‍ച്ചയ്‌ക്കായി രംഗത്ത് വരുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന വഖഫ് മന്ത്രി അബ്ദു റഹിമാന്‍ മുസ്ലിം മത വിഭാഗത്തില്‍പ്പെട്ട പ്രമുഖരുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ ഏകദേശ ധാരണയായി. എത്ര ഭൂമി വിട്ട് നല്‍കണമെന്ന് മുഖ്യമന്ത്രിയായിരിക്കും തീരുമാനം കൈക്കൊള്ളുക.
പകരം ഭൂമി എന്ന ആവശ്യത്തിന് തിരക്കഥയെഴുതിയ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സമുന്നതരും മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്ക
ളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഫറൂഖ് കോളജ് പ്രതിനിധികളോടൊപ്പം പങ്കെടുക്കാനാണ് നീക്കം. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കില്ലെന്ന് ഭരണ പ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ ചുരുളഴിയുന്നത്. ഫറൂഖ് കോളജ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള 110 ഏക്കര്‍ സ്ഥലത്താണ് മുനമ്പം നിവാസികള്‍ താമസിക്കുന്നതെന്ന് ചര്‍ച്ചയില്‍ വാദം ഉന്നയിക്കും. കൂടാതെ പ്രകൃതിക്ഷോഭത്താല്‍ 400 ഏക്കറോളം ഭൂമിയും നഷ്ടമായി. അതിനാല്‍ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ വക 400 ഏക്കര്‍ ഭൂമി നല്‍കണമെന്ന ആവശ്യം മുന്നോട്ട് വയ്‌ക്കും. ഭൂമി ഫറൂഖ് കോളജ് സ്ഥാപിക്കുന്നതിനു വേണ്ടിയാണെന്ന് യോഗത്തില്‍ പറയും. ഇതോടൊപ്പം ഒരു ഡീംഡ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കണം. മുനമ്പത്തെ നിലവിലെ ഭൂമിയുടെ വില കണക്കാക്കിയാണ് പകരം 400 ഏക്കര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജനിച്ച ഭൂമിക്കായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും മുനമ്പം നിവാസികള്‍ക്ക് നീതി ലഭിച്ചില്ല. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും എംപിമാരുടെയും ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും കണ്ടില്ലെന്ന് നടിച്ചു. ഇതേ തുടര്‍ന്ന് മുനമ്പം നിവാസികള്‍ വേളാങ്കണ്ണി മാതാ ദേവാലയത്തിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയും ബിഷപ്പുമാര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കൂടി സമരപ്പന്തലില്‍ എത്തിയതോടെയാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ പകരം ഭൂമി എന്ന ഒത്തുതീര്‍പ്പുമായി കൈ കോര്‍ക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങളും പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനൗദ്യോഗിക ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു ഇവരുടെ പ്രതികരണം.
മുനമ്പത്തുകാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ സമരം പിന്‍വലിക്കും. അപ്പോഴും മുനമ്പത്തുകാര്‍ കബളിപ്പിക്കപ്പെടും. ഭൂമിക്കായി കേസ് നല്‍കിയിരിക്കുന്നത് വഖഫ് ബോര്‍ഡിന് പുറത്തുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കണം.
Discussion about this post