കോഴിക്കോട്: ഒരു വര്‍ഷം തുടരുന്ന ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച സ്വ വിജ്ഞാനോത്സവത്തിന് സമുജ്വല സമാപ്തി. സമാപനദിവസമായ ഇന്നലെ രണ്ട് പ്രധാന വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. 2036 ല്‍ ഭാരതം ഒളിംപിക്‌സിന് ആതിഥേയരാകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത കായിക സെമിനാര്‍ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പ്രശ്‌നങ്ങളും സാധ്യതകളും വിവരിച്ചു.
ദേശീയ സഹകരണ നിയമ സെമിനാറില്‍ ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാഠെ നല്‍കിയ വിശദീകരണങ്ങള്‍ എതിര്‍ശബ്ദങ്ങള്‍ക്കുള്ള മറുപടിയായി. ആഘോഷ സമിതി അധ്യക്ഷ പി.ടി. ഉഷ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസനക്കുതിപ്പില്‍ തുടരുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജന്മഭൂമിയുടെ ദൗത്യം കൂടുതല്‍ ശക്തമായി തുടരട്ടെ എന്ന് ഉഷ ആശംസിച്ചു. ദേശീയ ചിന്താഗതിയെ മുഖ്യധാരയില്‍ നിന്നകറ്റാന്‍ കേരളത്തില്‍ തീവ്ര ശ്രമം നടക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങള്‍ നേര്‍പക്ഷമാണ് ആകേണ്ടത്. അതിനാണ് ജന്മഭൂമി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജന്മഭൂമിയുടെ തുടക്കക്കാരില്‍ പ്രമുഖനായ കെ. രാമന്‍പിള്ളയെ ആദരിച്ചു. വൈകിട്ട് കലാസന്ധ്യയില്‍ ഭരതനാട്യവും ഹരിശ്രീ അശോകന്‍ നയിച്ച മ്യൂസിക്കല്‍ മെഗാഷോയും അരങ്ങേറി.
Discussion about this post