കൊച്ചി: വഖഫ് നിയമം റദ്ദാക്കണമെന്ന് ഹിന്ദു ഐക്യവേദി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭൂമി കൈയേറി തങ്ങളെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കാനുള്ള വഖഫ് നീക്കത്തിനെതിരേ സമരം നടത്തുന്ന മുനമ്പം ജനതയോട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
വഖഫ് ഭീകരതയ്‌ക്കെതിരേ എറണാകുളം കലൂര്‍ എജെ ഹാളില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷനില്‍ വഖഫ് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമേയം പാസാക്കി. നൂറു കണക്കിനാളുകള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍, തങ്ങള്‍ മുനമ്പം ജനതയ്‌ക്കൊപ്പമുണ്ടാകുമെന്ന ഉറപ്പു നല്കി. വിവിധ രാഷ്‌ട്രീയ-സമുദായ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുത്ത് ആശങ്കകള്‍ പങ്കുവച്ചു.
ജനാധിപത്യ വിരുദ്ധമായ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയുടെ ഭൂമിക്കു മേല്‍ത്തന്നെ വഖഫ് അവകാശമുന്നയിച്ചിരിക്കുകയാണ്. ഈ അന്യായമായ അവകാശവാദം മൂലം മുനമ്പത്തെ ജനത ദുരിതത്തിലാണ്. ഇവിടെ പതിറ്റാണ്ടുകളായി ജീവിക്കുന്ന വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട 620 കുടുംബങ്ങളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡ് നോട്ടീസ് അടിസ്ഥാനത്തില്‍ മുനമ്പത്തും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. ഇവരുടെ ഭൂസംരക്ഷണ സമരത്തിന് ഹിന്ദു ഐക്യവേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധാകരന്‍ പ്രമേയം അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
തികഞ്ഞ അനീതിയും ഭരണഘടനാ വിരുദ്ധവുമായ വഖഫ് നിയമം റദ്ദാക്കണം. നെഹ്‌റു സര്‍ക്കാരാണ് ഇത്തരമൊരു വഖഫ് വ്യവസ്ഥ ഭരണഘടനയില്‍ ചേര്‍ത്തത്. മുസ്ലിം പ്രീണന രാഷ്‌ട്രീയം മൂലം വഖഫ് ബോര്‍ഡിനു ഭയാനകമായ അധികാരങ്ങള്‍ നല്കി. പിന്നീട് 1995ലും 2013ലും അതു ഭേദഗതി ചെയ്ത് വഖഫിനു കൂടുതല്‍ അധികാരങ്ങള്‍ കൊടുത്ത്, അതിനെ ഭരണഘടനയ്‌ക്കു മുകളില്‍ പോലുമാക്കി.
മുസ്ലിം രാജ്യങ്ങളില്‍ പോലും ഇത്തരമൊരു വഖഫ് നിയമമില്ല. വഖഫ് ബോര്‍ഡാണ് ഇന്നു രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ. ഒന്‍പതര ലക്ഷം ഏക്കറാണ് അവരുടെ പിടിയിലുള്ളത്. ഈ അധിനിവേശം തടയാന്‍ കേരളീയ സമൂഹത്തിന്റെ ചെറുത്തുനില്‍പ് അനിവാര്യമാണ്. ഏകപക്ഷീയമായ അതിക്രമം നേരിടാന്‍ കേരള സമൂഹം ശക്തമായി രംഗത്തു വരണം. വഖഫ് നിയമം റദ്ദ് ചെയ്ത് പുതിയ വഖഫ് നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു അവതരിപ്പിച്ച പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
11നു മുനമ്പത്ത് ഭൂസംരക്ഷണ സമ്മേളനം ചേരും. തുടര്‍ന്ന് തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളിലും 20 മുതല്‍ പഞ്ചായത്തുതലങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ ചേരും.
Discussion about this post