തിരുവനന്തപുരം: ആർഎസ്എസ് ജില്ലാ കാര്യാലയത്തിന് പുതുമോടിയും കൂടുതൽ സൗകര്യങ്ങളുമുണ്ടായപ്പോൾ ജില്ലയിലെ സംഘ കുടുംബങ്ങൾക്കത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശത്തിന് ഒത്തുചേർന്ന കുടുംബങ്ങൾ ജില്ലയിലെ സംഘപ്രവർത്തനത്തിന് കരുത്തും അനുഗ്രഹവും ചൊരിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ ഫോർട്ട് സ്‌കൂളിനു സമീപത്തെ സമന്വയഭവന്റെ ഗൃഹപ്രവേശം ഇന്നലെ രാവിലെ 8.30നും 9നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു. ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ നിലവിളക്ക് കൊളുത്തി ഗൃഹപ്രവേശ കർമ്മം നിർവഹിച്ചു. ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ, വിഭാഗ് സംഘചാലക് പി. ഗിരീഷ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ദക്ഷിണകേരള സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, കൗൺസിലർ ആർ. രാജേന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗൃഹപ്രവേശത്തോടനുബന്ധിച്ച് ശ്രീപത്മനാഭ സേവാസമിതിയാണ് വൈകിട്ട് കുടുംബസംഗമം സംഘടിപ്പിച്ചത്. ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദർശനൻ കുടുംബാംഗങ്ങൾക്ക് സന്ദേശം നൽകി. സംഘശാഖയിൽ നിന്ന് ഉയർന്നു വരുന്ന വ്യക്തിത്വങ്ങൾ നാളെ ഈ ഭാരതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നത് കാണാൻ കഴിയുമെന്ന് ഡോക്ടർജി പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. സംഘപ്രവർത്തനത്തിന് നൂറ് വർഷം പൂർത്തിയാകാൻ പോകുന്ന വേളയിൽ സംഘത്തിന്റെ സ്ഥാനം ലോകത്തിലെ ഏറ്റവും ശക്തമായ വലിയ സംഘടന എന്നതാണെന്ന് ബിബിസി നടത്തിയ സർവേയിൽ തെളിഞ്ഞിരുന്നു. നൂറ് വർഷം തികയ്‌ക്കാനോ ആഘോഷങ്ങൾ സംഘടിപ്പിക്കാനോ അല്ല നമ്മൾ ശ്രമിക്കേണ്ടത്. പകരം നമ്മുടെ ലക്ഷ്യം എത്രയും വേഗം പൂർത്തിയാക്കി അതിൽ നിന്ന് ആഹഌദത്തിന്റെ മിന്നൽപ്പിണരുകൾ നമുക്ക് അനുഭവിക്കാൻ കഴിയണമെന്നാണ് ഡോക്ടർജി സ്വയംസേവകരോട് പറഞ്ഞിരുന്നത്. നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സ്വയംസേവകരിൽ പഞ്ച പരിവർത്തനത്തിനാണ് സംഘം ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ സംഗമത്തിൽ അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു.
Discussion about this post