കൊച്ചി: പ്രകൃതിയെ അമ്മയായി കണ്ട് സ്‌നേഹിക്കുവാനും സേവിക്കുവാനും പഠിപ്പിച്ച മഹാത്മാവായിരുന്നു സുഗതകുമാരിയെന്നും ആ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും ഡോ. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ്. സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയും സുഗത നവതി സദസും സംയുക്തമായി പുസ്തകോത്സവത്തോട് അനുബന്ധിച്ച് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സുഗത സമിതി സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക വ്യവസ്ഥയെ നിലനിര്‍ത്താനുള്ളതായിരുന്നു സുഗതകുമാരിയുടെ ഓരോ കാല്‍വയ്‌പ്പും. ആ ആശയങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. സന്തുലിതവും സുസ്ഥിരവുമായ വികസനമാണ് നാടിന് വേണ്ടത്. ഇത്തരം വികസനമെ നിലനില്‍ക്കൂ, ഇക്കാര്യങ്ങള്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നും അതാണ് സുഗതകുമാരി ജീവിതത്തിലൂടെ വരും തലമുറയ്‌ക്ക് പകര്‍ന്ന് നല്കിയിരിക്കുന്നതെന്നും അവ എല്ലാവരിലേക്കും എത്തിക്കണമെന്നും ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ സി. ഗോവിന്ദ് യോഗത്തില്‍ മുഖ്യാഥിതിയായി. സുഗത നവതി സംസ്ഥാന ചെയര്‍മാന്‍ കുമ്മനം രാജശേഖന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗോപിനാഥ് പനങ്ങാട് അധ്യക്ഷനായി. അഡ്വ. ശിവന്‍ മഠത്തില്‍, സുഗത നവതി പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ രാജവര്‍മ്മ, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് വാരിയര്‍ സി.എ. എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പരിസ്ഥിതി സമ്മേളനം പരിസ്ഥിതി പ്രര്‍ത്തകനായ സി. ഇന്ദുചൂഡന്‍ ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയുടെ കവിതകളെ അടിസ്ഥാനമാക്കി പനങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ നൃത്തശില്പം അവതരിപ്പിച്ചു. ഉച്ചയ്‌ക്ക് ശേഷം നടന്ന വനിതാ സമ്മേളനം ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. വൈകിട്ട് സാഹിത്യ സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നിലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post