കോഴിക്കോട്: ജില്ലയിലെ സേവാ പ്രവർത്തങ്ങൾ കൂടുതൽ സക്രിയമായി പ്രവർത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി ദേശീയ സേവാഭാരതി കോഴിക്കോട് കേസരി ഭവനിൽ ജില്ലാ ആശ്രയകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽ കുമാർ വള്ളിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചത്. ബാലികാസദനം വിദ്യാർഥിനികൾ പ്രാർഥന ചൊല്ലി ആരംഭിച്ച പരിപാടിയിൽ കോഴിക്കോട് ദേശീയ സേവാഭാരതി പ്രസിഡന്റ് ഡോ.ബി.വേണുഗോപാൽ അദ്ധ്യക്ഷഭാഷണം നടത്തി. ആർ എസ് എസ് ഉത്തര കേരള പ്രാന്ത പ്രചാരക് ആ.വിനോദ് ഭൂദാനം സമർപ്പണവും ഗോപാലൻകുട്ടി മാസ്റ്റർ സേവാ സന്ദേശവും നൽകി.
സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി വി.എം മോഹനൻ സ്വാഗതം പറഞ്ഞു. എം.സി ഷാജകുമാർ ആമുഖഭാഷണവും ദേശീയ സേവാഭാരതി പ്രസിഡൻറ് ഡോ. രഞ്ജിത്ത് വിജയഹരി മുഖ്യഭാഷണവും നടത്തി.
വിശിഷ്ടാഥികളായി മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട് പ്രിൻസിപ്പാൾ ഡോ.പി.വി.നാരായണൻ , ഡോ.സി.ശ്രീകുമാർ പ്രൊഫസ്സർ അഡ്മിനിസ്ട്രേറ്റർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി എന്നിവർ പങ്കെടുത്തു.
1989-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കഞ്ഞിവിതരണം ചെയ്‌തുകൊണ്ട് സേവാപ്രവർത്തനം ആരംഭിച്ച സേവാഭാരതി, ഇന്ന് ആശുപത്രികളിലും തെരുവോരത്തുമുള്ള അന്നദാനം ആംബുലൻസ് സർവ്വീസ്, പാലിയേറ്റീവ് കെയർ, ബാലികാസദനം, മാതൃസദനം, വിദ്യാർത്ഥിനി സദനം , ശവസംസ്‌കാരത്തിനുള്ള മൊബൈൽ ചൂള, തല ചായ്ക്കാൻ ഒരിടം , ഭൂദാനം തുടങ്ങി വിവിധങ്ങളായ സേവാപ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കിവരുന്നു.
Discussion about this post