കൊച്ചി: ആയിരങ്ങളെ സാക്ഷി നിർത്തി ലോകമാതാ അഹല്യാബായി ഹോൾക്കർ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങൾക്ക് എറണാകുളത്ത് പ്രൗഢോജ്വല തുടക്കം. സ്വാർത്ഥ രാഷ്‌ട്രീയ ചരിത്രമെഴുത്തുകാർ തമസ്‌കരിച്ച ധീരതയുടെ ഇതിഹാസമാണ് അഹല്യാബായി ജയന്തി ആഘോഷങ്ങളിലൂടെ പുനർജനിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
സനാതന ധർമ്മത്തിനായി ജീവിതം സമർപ്പിച്ച പ്രതിഭകളെ ചരിത്രത്താളുകളിൽ നിന്ന് ബോധപൂർവം മായ്‌ക്കാനാണ് ചിലർ ശ്രമിച്ചത്. അഹല്യയെപ്പോലെയുള്ള ഭാരതീയ ധീരവനിതകളുടെ സംഭാവനകളും ഭരണ നിപുണതയും നമ്മുടെ തലമുറകളിൽ നിന്നും അവർ മറച്ചുകളഞ്ഞു, സ്മൃതി ഇറാനി പറഞ്ഞു.
ടിപ്പുസുൽത്താനെ ആഘോഷിച്ച നാടാണിത്. എന്നാൽ അഹല്യാ ബായിയെ അറിയാനും അറിയിക്കാനും ഒരു ശ്രമവും നടന്നില്ല. അക്രമികൾ ഇല്ലാതാക്കിയ സംസ്‌കൃതിയുടെ കേന്ദ്രങ്ങൾ അഹല്യാബായ് പുനുരുദ്ധരിച്ചു. കാശി വിശ്വനാഥ ക്ഷേത്രം, കേദാർനാഥ്, ഉജ്ജെയ്ൻ തുടങ്ങി രാജ്യത്തെ 1100ലേറെ ക്ഷേത്രങ്ങൾ നവീകരിച്ചു.
ഒരു ഭരണാധികാരി എങ്ങനെ ആകണമെന്നതിന്റെ മാതൃകയാണ് ദേവി അഹല്യ. ജനക്ഷേമം, തുല്യനീതി, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം അവർ മാതൃകയാണ്. ഞാൻ ഈ രാജ്യത്തിലെ എല്ലാ ജീവജാലങ്ങളുടേയും രാജ്ഞിയാണ് എന്നവർ വിളിച്ചറിയിച്ചു മികച്ച സൈന്യത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തു. ദേവി അഹല്യയുടെ വീരോചിത ജീവിതം വരും തലമുറകൾക്ക് പ്രചോദനമാണ്, സ്മൃതി ഇറാനി പറഞ്ഞു.
മഹിളാ സമന്വയ വേദി ജില്ല അധ്യക്ഷ വന്ദനാ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോ. ചിത്രതാര കെ., ഡോ. ആശാലത, ചിന്മയാ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ, ആഘോഷ സമിതി കാര്യാധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, രാഷ്‌ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക അഡ്വ. ശ്രീകല കെ.എൽ., കാര്യകാരി സദസ്യ ജി. മഹേശ്വരി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.വി. രാജശേഖരൻ, വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയൻ, ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ആഘോഷങ്ങൾക്ക് മുന്നോടിയായി മറൈൻ ഡ്രൈവിൽ നിന്ന് തുടങ്ങിയ ശോഭായാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. അഹല്യാബായി ഹോൾക്കറുടെ വേഷമണിഞ്ഞ ബാലികമാർ ശോഭായാത്രയ്‌ക്ക് അഴക് പകർന്നു.











Discussion about this post