മാവേലിക്കര: സനാതന ധർമ്മത്തിന്റെ കാവലാളായി ജീവിതത്തെ പൂർണമായി ഉപയോഗിച്ച ധീരനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന് തപസ്യ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ ഡോ കെ. നിഷികാന്ത് പറഞ്ഞു. മാവേലിക്കര അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച ആറാട്ടുപുഴ വേലായുധ പണിക്കർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക തിന്മകൾക്കെതിരെ പോരാടുകയും ഒപ്പം തന്നെ സാമ്രാജ്യത്വ ഭരണകൂടത്തിനെതിരായി ഉജ്ജ്വലമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയും ചെയ്ത പണിക്കരുടെ ജീവിതം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ടതാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് ആരാധനയ്ക്കായി ശിവക്ഷേത്രം പണിയുക മാത്രമല്ല അദ്ദേഹം പൂജാകർമ്മങ്ങൾ പഠിച്ച് താന്ത്രിക വിധിപ്രകാരം പൂജാകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. കൂടാതെ കല്ലുമാല സമരം സംഘടിപ്പിച്ച് മഹിളകൾക്ക് ആശയും ആവേശവും നൽകിയ ഉജ്ജ്വല പോരാളിയും ആയിരുന്നു പണിക്കർ. തനിക്കെതിരെ വന്നിരുന്ന ശത്രുക്കളെ നിഷ്ക്കരണം ചെറുത്തു തോൽപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രാവീണ്യം വലുതായിരുന്നു. കായംകുളം കൊച്ചുണ്ണിയും സംഘവും മോഷ്ടിച്ചു കൊണ്ടുപോയ സാളഗ്രാമം വീണ്ടെടുത്ത് രാജാവിന് തിരികെ നൽകി. കായംകുളം കായലിൽ രാത്രിയിൽ കെട്ടുവള്ളത്തിൽ യാത്ര ചെയ്ത വേലായുധ പണിക്കരെ കൊലപ്പെടുത്തുവാൻ നെഞ്ചിൽ കഠാര കുത്തിയിറക്കിയ തൊപ്പിയിട്ട കിട്ടനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് രക്തം വാർന്ന് വേലായുധ പണിക്കർ മരിച്ചത്, എന്നതദ്ദേഹത്തിൻ്റെ ധീരതയ്ക്കുള്ള ഉജ്ജ്വലമായ ഉദാഹരണമാണെന്നും നിഷികാന്ത് പറഞ്ഞു.
പുസ്തകോത്സവ സമിതി വൈസ്ചെയർമാൻ എസ്. സൂര്യകുമാർ അദ്ധ്യക്ഷനായി. അഡ്വ. ജ്യോതി ഗോപിനാഥ് , ശ്രീജിത്ത് എസ് കുമാർ,
പി എസ് സുരേഷ്, രാധാകൃഷ്ണപ്പണിക്കർ, ജെ. മഹാദേവൻ, മാധവശർമ്മ, അഡ്വ: അനിൽ വിളയിൽ, ഏവൂർ സൂര്യകുമാർ, വിഷ്ണു അശോക് എന്നിവർ സംസാരിച്ചു.
Discussion about this post