അയിരൂര്‍: സംസ്‌കൃതിയെ സംരക്ഷിക്കേണ്ടത് നാടിന്റെ ധര്‍മമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. 113-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം ജീവിത രീതിയാണ്. ഒരോ വ്യക്തിയും സംസ്‌കാരത്തോടും സംസ്‌കൃതിയോടും നീതിപുലര്‍ത്തണം. സാമൂഹ്യ – കുടുംബ ഇടപെടലുകള്‍ ധര്‍മത്തെ അടയാളപ്പെടുത്തുന്നു. വസുധൈവ കുടുംബകം എന്ന ആശയം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. ഇത് ഊട്ടിയുറപ്പിക്കാനാണ് ഇത്തരം സത്സഗങ്ങള്‍. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് അടക്കമുള്ള പരിപാടികള്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് അടത്ത തലമുറയെ പരിശീലിപ്പിക്കണം. മൂല്യങ്ങളെ നെഞ്ചേറ്റുന്ന യുവനിര ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അദ്ധ്യക്ഷനായി. സ്വാമി പെരുംകുളം ചെങ്കോല്‍ ആധീനം ശിവപ്രകാശ മഹാസന്നിധി പരിപാടി ഉദ്ഘാടനം ചെയ്തു. അവധൂദാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമികള്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആത്മജ്ഞാനം ഉറപ്പിക്കുന്ന തത്വബോധമാണ് സനാതന സംസ്‌കാരം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ സന്യാസ പരമ്പര ഈ ദൗത്യമാണ് നിര്‍ഹിക്കുന്നത്. ചെറുകോല്‍പ്പുഴയില്‍ ഒരു നൂറ്റാണ്ടിന് മുമ്പ് തുടങ്ങിയ ഈ മഹാസമ്മേളനം വലിയ ദിശാബോധമാണ് തലമുറകള്‍ക്ക് നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, ഹിന്ദുമത മഹാമണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്‍ വിക്രമന്‍ പിള്ള, എക്‌സിക്യൂട്ടീവ് അംഗം ജയവര്‍മ എന്നിവര്‍ പങ്കെടുത്തു.
അഞ്ചിന് വൈകിട്ട് 3.30ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും. പമ്പാ തീരത്തെ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കുന്ന മതമഹാസമ്മേളനം 9ന് സമാപിക്കും. ഇന്നലെ പതാക ഉയര്‍ത്തലോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഘോഷയാത്രകള്‍ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. ഇന്ന് വൈകിട്ട് 3.30ന് ധര്‍മാചാര്യസഭ ഗുജറാത്ത് വാനപ്രസ്ഥ സാദക് ആശ്രമാധിപതി മുനി സത്യജിത്ത് മഹാരാജ് ഉദ്ഘാടനം ചെയ്യും.
Discussion about this post