കൊച്ചി: വിദ്യാഭ്യാസത്തിൽ ഭാരതീയ കാഴ്ചപ്പാടിന് അനുസൃതമായി പുതിയ പാത തുറക്കേണ്ടതുണ്ടെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നമ്മുടെ വിദ്യാഭ്യാസം ഒരു കാലത്ത് കോളനിയൽ സ്വാധീനത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഭാരതീയ വീക്ഷണത്തിന് അനുസൃതമായ പുതിയ സാധ്യതകൾ കണ്ടെത്താൻ നമ്മളെ നമ്മൾ തന്നെ തയാറാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെളിയനാട് ആദിശങ്കരനിലയത്തിൽ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്കിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
നമ്മുടേതായ മാതൃകകൾ സൃഷ്ടിക്കണം. സൗഹൃദത്തിലൂടെ മറ്റുള്ളവരെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കണം. അതിനായി സ്ഥിരമായ പരിശീലനം വേണം. ഇതെല്ലാം സാധ്യമാകാൻ ‘സമന്വയം’ അത്യന്താപേക്ഷിതമാണ്. ഈ സമന്വയത്തിന്റെ വ്യക്തിയിൽ തുടങ്ങി വിശ്വം വരെയുള്ളതാണ്. സമന്വയം നിലനിർത്താൻ ക്ഷമയും, മറ്റുള്ളവരെ മനസ്സിലാക്കാനുള്ള പാകതയും സ്വന്തമെന്ന് കാണാനുള്ള മനോഭാവവും വേണം. ഇതിലൂടെയാണ് സംഘടനയുടെ വ്യാപനം സാധ്യമാകുന്നത്, സർസംഘചാലക് പറഞ്ഞു.
പ്രവർത്തകരെ അഭിസംബോധന ചെയ്ത് വിദ്യാഭ്യാസ സംസ്കൃതി ഉത്ഥാന ന്യാസിന്റെ സെക്രട്ടറി ഡോ. അതുല്കോഠാരി പറഞ്ഞു: ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ലക്ഷ്യം വിദ്യാഭ്യാസത്തിൽ പുതിയ വഴിയൊരുക്കുകയാണെന്ന് ന്യാസ് സെക്രട്ടറി ഡോ. അതുൽ കോഠാരി പറഞ്ഞു. 2004 മുതൽ ദേശകാലപരിതസ്ഥിതികൾ അനുസരിച്ച് സംഘടന മുന്നേറുകയാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്ഥാപനങ്ങൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ എല്ലാ ഘടകങ്ങളെയും നമ്മൾ ഈ പ്രവർത്തനത്തിൻ്റെ ഭാഗമാക്കി. ഇനി രക്ഷിതാക്കളെയും ഉൾപ്പെടുത്താനുള്ള ശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭാഷയിൽ വിദ്യാഭ്യാസം എന്നത് ന്യാസിന്റെ പ്രധാന വിഷയമാണ്. ഇംഗ്ലീഷ് മീഡിയത്തോടുള്ള ഭ്രമം കുറയാൻ നയം മാറ്റമല്ല, മാനസിക മാറ്റമാണ് വേണ്ടത്. ഇക്കാര്യത്തിൽ ജനജാഗരണം ആവശ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം – 2020 ഇക്കാര്യം കൂടുതൽ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു രാജ്യം, ഒരു പേര്: ഭാരതം എന്ന ആശയവുമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ന്യാസ് എത്തുമെന്ന് സഹസംയോജകൻ ഡോ. രാജേശ്വർ കുമാർ പറഞ്ഞു. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിദ്യാഭ്യാസ വിദഗ്ധരുടെ സംഗമം സംഘടിപ്പിക്കും. ഇതിൽ കേരളത്തിലെ വിദ്യാഭ്യാസ ഗുണമേന്മയെ കുറിച്ചുള്ള ചർച്ചയും, വൈകിട്ട് അഞ്ചിന് “വിദ്യാഭ്യാസത്തിൽ ഭാരതീയത” എന്ന വിഷയത്തിൽ ഒരു പൊതുസഭയും നടക്കും. ഇതിൽ ഡോ. മോഹൻ ഭാഗവത് സംസാരിക്കും.



Discussion about this post