കൊല്ലം: പരവൂരിലെ മുതിർന്ന സ്വയം സേവകനായ മുണ്ടുംതലയ്ക്കൽ സോമരാജൻ അന്തരിച്ചു. 100 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരവൂരിലെ മുതിർന്ന സംഘ കാര്യകർത്താവായിരുന്ന സോമരാജൻ അഞ്ചു പതിറ്റാണ്ടിലേറെയായി സംഘപ്രവർത്തകർക്ക് പ്രേരണാ ശക്തിയായിരുന്നു.
ആർഎസ്എസ് ശാഖ മുഖ്യശിക്ഷക്, ശാഖ കാര്യവാഹ് എന്നീ ചുമതലകളിൽ പ്രവർത്തിച്ച അദ്ദേഹം വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രമുഖായും പ്രവർത്തിച്ചു. ഭാരതീയ വിദ്യാനികേതന്റെ പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് തന്നെ വിദ്യാലയം ആരംഭിച്ചു. അദ്ദേഹം രക്ഷധികാരിയായിരുന്ന വിദ്യാനികേതന്റെ പരവൂരിലെ വ്യാസ വിദ്യാമന്ദിർ നാടിന് അഭിമാനമായി ഉയർന്നു നിൽക്കുകയാണ്.
സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സ്വന്തം സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. ആ സ്ഥലത്ത് ഇന്ന് സേവാ കേന്ദ്രത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. കുടുംബത്തിലെ ഏക മകനായ അദ്ദേഹം തന്റെ ബാക്കിയുള്ള സ്വത്ത് വകകളും സമാജ സേവനത്തിനായി സംഘത്തിന് സമർപ്പിച്ചിരുന്നു.
അടിയന്തരാവസ്ഥ കാലഘട്ടത്തിന് ശേഷം വ്യവസായി കൂടിയായിരുന്ന അദ്ദേഹം പരവൂരിലെ സംഘ പ്രസ്ഥാനങ്ങൾക്ക് വലിയൊരു കരുത്തായിരുന്നു. സത്യസായി സമിതി രക്ഷധികാരിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിലാപയാത്രയോടെ ഒല്ലാലുള്ള സ്വവസതിയിൽ എത്തിച്ച ശേഷം അദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങുകൾ നടന്നു.
Discussion about this post