പത്തനംതിട്ട: ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടന്നു. തുലാമാസ പൂജകൾക്കായി നടകൾ തുറന്നതിന് പിന്നാലെയാണ് നറുക്കെടുപ്പ് നടന്നത്. തൃശൂർ സ്വദേശി ഏറന്നൂർ മനയിലെ ഇഡി പ്രസാദിനെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം സ്വദേശിയായ മനു നമ്പൂതിരിയെ തെരഞ്ഞെടുത്തു.
ശബരിമല മേൽശാന്തി പദവിക്കായി 14 പേരാണ് അവസാനഘട്ട പട്ടികയിൽ ഉണ്ടായിരുന്നത്. ആറേശ്വരം ശ്രീധർമശാസ്ത്ര ക്ഷേത്രത്തിലെ മേൽശാന്തിയാണ് പ്രസാദ്. മേൽശാന്തി പദവിക്കായി ഇത് മൂന്നാം തവണയാണ് അദ്ദേഹം അപേക്ഷ നൽകുന്നത്. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. വൻ ഭക്തജനത്തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഇന്ന് മുതൽ 22 വരെ എല്ലാ ദിവസവും ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരിക്കും.
Discussion about this post