കൊച്ചി: പുത്തന്‍ യൂദാസുമാരുടെ ഒറ്റില്‍ മനം നൊന്തു വേളാങ്കണിമാത പള്ളി തിരുമുറ്റത്തെ സമരവേദിയില്‍ നിന്നും അവര്‍ ഇറങ്ങി, പ്രക്ഷോഭം തുടരും എന്ന ദൃഢനിശ്ചയത്തോടെ. വഖഫ് ഭീകരതയ്‌ക്കിരയായി സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ തിരിച്ചു കിട്ടുന്നതിനായി നാനൂറ് ദിവസത്തിലേറെ സമരം ചെയ്ത മുനമ്പം ജനതയെ ഭൂസംരക്ഷണ സമിതി ചതിച്ചു.
ഭൂമിയുടെ കരം അടയ്‌ക്കാന്‍ ഹൈക്കോടതി അനുമതി നല്കിയതിന്റെ മറവിലാണ് ഭൂസംരക്ഷണ സമിതിയുടെ വഞ്ചന. പൊതുയോഗം വിളിച്ച് ചര്‍ച്ച ചെയ്യാതെ അഞ്ച്‌പേരടങ്ങിയ കോര്‍ കമ്മിറ്റിയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നതാണ് ഇതിനുപിന്നിലെ കളികളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഇത്രയും കാലം സമരത്തെ ഒറ്റുകൊടുത്തിരുന്ന മന്ത്രിമാരെ സമരവേദിയിലേയ്‌ക്ക് ആനയിച്ച് നാരങ്ങാനീര് വാങ്ങിക്കുടിച്ച് സമരം അവസാനിപ്പിച്ചതിനു പിന്നിലെ ഒത്തുകളിയും ചതിയും ഗൂഢാലോചനയും പുറത്തുവരികയാണ്. ഭൂസംരക്ഷണ സമിതിയും വഖഫ് ബോര്‍ഡും ഇടത്, വലത് മുന്നണികളും ഒത്തുകളിച്ച് ചതിച്ചിട്ടും തളരാതെ ആവേശം ഒട്ടും കുറയാതെ വര്‍ദ്ധിത വീര്യത്തോടെ പഴയസമര പന്തലില്‍നിന്നും പത്തുമീറ്റര്‍ മാറി മുമ്പമ്പത്തെ ജനങ്ങള്‍ പുതിയ വേദിയില്‍ പ്രക്ഷോഭം തുടരുകയാണ്.
മുനമ്പത്തെ 610 കുടുംബങ്ങളുടെ റവന്യൂ അവകാശ ങ്ങള്‍ പുനസ്ഥാപിച്ച് കിട്ടുന്നതിനാണ് കഴിഞ്ഞ 414 ദിവസമായി സമരം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് മുനമ്പം സമരം ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്. സ്ഥലം എംപി ഹൈബി ഈഡനും യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും മന്ത്രിമാരും മുനമ്പം ജനതയെ ഒറ്റുകൊടുത്തപ്പോള്‍ ആശ്വാസമായി ഓടിയെത്തിയത് കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളടക്കമുള്ളവരായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വിധിച്ചത്. ഒക്‌ടോബര്‍ പത്തിന് ഈ വിധി വന്നിട്ടും മുനമ്പത്തുകാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും സര്‍വ സ്വാതന്ത്ര്യത്തോടെ ക്രയവിക്രയത്തിനുള്ള അനു മതിയും നല്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. വഖഫ് ബോര്‍ഡിന് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഇതിനിടയില്‍ മുനമ്പം സ്വദേശിയായ സെബാസ്റ്റ്യന്‍ ജോസഫ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് മുനമ്പത്തുകാര്‍ക്ക് ഭൂമിയുടെ കരം താത്കാലികമായി അടയ്‌ക്കാമെന്ന ഹൈക്കോടതി വിധി ഉണ്ടായത്. ഈ കേസ് പരിഗണിച്ച സമയത്ത് ഭൂസംരക്ഷണ സമിതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതിരുന്നതിലും ദുരൂഹതയുണ്ട്.
സമിതി കണ്‍വീനര്‍ ബെന്നി ജോസഫ് ഒരുഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍ ഭൂമിയുടെ പോക്കുവരവ് നടത്താന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുമെന്ന മന്ത്രി പി. രാജീവിന്റെ പ്രസ്താവനയും തട്ടിപ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുനമ്പത്തെത്തി തയാറാക്കിയ രഹസ്യ പദ്ധതിയുടെ ഭാഗമായാണ് റവന്യൂ മന്ത്രി കെ. രാജനും നിയമമന്ത്രി പി. രാജീവും ഇന്നലെ സമരം പിന്‍വലിക്കല്‍ ചടങ്ങിനെത്തിയതെന്നാണ് സൂചന. ഇവരുടെ പ്രഖ്യാപനത്തിനുമുന്‍പായി ഭൂരിഭാഗം ജനങ്ങളും മുദ്രാവാക്യം വിളികളോടെ ആ വേദിയില്‍നിന്ന് ഇറങ്ങിപ്പോന്ന് പത്ത് മീറ്ററകലെ സമരം തുടരുകയാണ്.
മുനമ്പം സമര സമിതി പ്രസിഡന്റ് റോയി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ജിന്‍സി ആന്റണി, സെക്രട്ടറി സംഗീത ആന്റണി, ജോയിന്റ് സെക്രട്ടറി സീന ജോയ്, ഖജാന്‍ജി പ്രദീപ് മുത്തണ്ടശ്ശേരി, കമ്മിറ്റി അംഗങ്ങളായ സോളി സെബാസ്റ്റ്യന്‍, ശശി മുരിങ്ങാത്തറ, ജയന്‍ മുരിങ്ങാത്തറ, ഷേര്‍ളി കുരിശിങ്കല്‍, മില്‍ജോ പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്.


















Discussion about this post