പാനൂർ: സിപിഎം ഭാരതീയ ആശയങ്ങളോട് അടുത്ത് വരികയാണെന്നും കൊലപാതകങ്ങളിലൂടെ സംഘപരിവാർ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായതായും രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രൗഢ പ്രമുഖ് എൻ.കെ.നാണു മാസ്റ്റർ പറഞ്ഞു. ബിജെപി പെരിങ്ങളം നിയോജകമണ്ഡലം കമ്മിറ്റി ട്രഷറർ ആയിരുന്ന പാനൂരിലെ സ്വർഗീയ പുളിഞ്ഞോളി ബാലൻ 26-ാം ബലിദാന വാർഷിക ആചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സാംഘിക്കിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘർഷത്തോട് വിട പറയുന്ന തലമുറയാണ് ഇന്നുള്ളത്. കമ്മ്യൂണിസ്റ്റ് കക്ഷികൾ ഭാരതീയ പൈതൃകം സ്വീകരിക്കുന്ന കാഴ്ച നാം കാണുന്നു. അവർ ഭാരതീയ തത്വശാസ്ത്രത്തോട് ഇടപഴകി ജീവിക്കാൻ തയ്യാറായി വരികയാണ്. വിപ്ലവത്തിലൂടെ ഭാരതത്തിൽ അധികാരത്തിൽ വരാൻ കഴിയില്ല. സംഘടനാ കാര്യത്തിൽ കുശാഗ്ര ബുദ്ധി കാണിക്കുകയും മാന്യമായ ഇടപെടലുകളിലൂടെ സിപിഎം കടന്നുകയറ്റം തടയുകയും ചെയ്തതിനാലാണ് പുളിഞ്ഞോളി ബാലൻ കൊല്ലപ്പെട്ടത്. ശ്രീനാരായണ മഠത്തിന്റെ സ്ഥലം കോടതിവിധിയിലൂടെ അനുകൂലമാക്കിയതിൽ സിപിഎമ്മിന് എതിർപ്പ് ഉണ്ടായിരുന്നു. പാനൂർ ബസ് സ്റ്റാൻഡ് സ്ഥലമെടുപ്പ്, നിർമ്മാണം എന്നിവക്ക് വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ ബാലൻ നടത്തിയിരുന്നു.
പാനൂരിൽ സംഘടനയ്‌ക്ക് ബലം നൽകുകയും പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്യുമായിരുന്നു ബാലൻ. കൊലപാതകങ്ങൾ നടത്തിയിട്ട് സിപിഎം എന്ത് നേടി എന്ന് വ്യക്തമാക്കണം. സംഘപരിവാർ പ്രസ്ഥാനങ്ങൾ വളർന്നു പന്തലിക്കുകയാണ്. സിപിഎം ഊർദ്ധശ്വാസം വലിക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്. സിപിഎം പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. സംഘപരിവാർ ആദർശങ്ങൾ വിജയിക്കുകയും ബലിദാനങ്ങൾ സാർത്ഥകമായി തീരുകയും ചെയ്യുന്നു. ലോകത്തെ നയിക്കുന്ന ശക്തിയായി ഭാരതത്തെ മാറ്റുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ചടങ്ങിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം ലിപിൻ സ്വാഗതം പറഞ്ഞു. നേരത്തെ പുളിഞ്ഞോളി ബാലൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പുഷ്പാർച്ചനയ്‌ക്ക് എൻ കെ നാണു മാസ്റ്റർ, കെ പ്രകാശൻ മാസ്റ്റർ, പി. സത്യപ്രകാശ്, പി പി വേണുഗോപാൽ, കെ സി വിഷ്ണു, വി പി ഷാജി, സി പി സംഗീത, കെ കെ ചന്ദ്രൻ, ഒ. സന്തോഷ്, പി.പി.രജിൽ കുമാർ, രാജേഷ് വള്ളങ്ങാട്, പ്രസാദ് വള്ളങ്ങാട്, അജയകുമാർ, സുജീഷ് എലാങ്കോട്, കെ.പി. സുജല, പി പി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

















Discussion about this post