തിരുവനന്തപുരം: കേരളത്തിന്റെ കുംഭമേളയായ മഹാമാഘ മഹോത്സവം 2026ന്റെ ലോഗോ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. 2026 ജനുവരി 18 മുതല്‍ ഫെബ്രു. 3 വരെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തു വെച്ചാണ് മഹാമാഘ മഹോത്സവം നടക്കുന്നത്. ഭാരതത്തിലെ കുംഭമേളകള്‍ക്ക് നേതൃത്വം നല്‍കുന്ന ശ്രീപഞ്ച് ദശനാം ജൂനാ അഖാഡയുടെ നേതൃത്വത്തിലാണ് മാഘോത്സവം നടക്കുന്നത്.
ഉത്തരഭാരതത്തിലെ കുംഭമേളകള്‍ക്ക് സമാനമായി പൗരാണികകാലം മുതല്‍ നടന്നുവന്നിരുന്നതും 250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ടതുമായ ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് 2026ല്‍ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മാതാ അമൃതാനന്ദമയീ ദേവി, ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, രാജവംശപ്രതിനിധികള്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്ന സംഘാടക സമിതിയാണ് മേളയുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്.
മഹാമാഘം സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍, ലോഗോ തയാറാക്കിയ മിതിഹാസ മാനേജിങ് ഡയറക്ടര്‍ ദീപു കെ. ദിവാകരന്‍, കാളികാപീഠ ട്രസ്റ്റി കെ. കേശവദാസ്, മഹാമാഘം മീഡിയാ സംയോജകന്‍ ജയരാജ് മിത്ര, ഡോ. മധു കെ. പരമേശ്വരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















Discussion about this post