തിരുനാവായ: പത്തൊന്‍പത് രാപകലുകളിലായി നിളാമധ്യത്തിലെ യജ്ഞഭൂമിയില്‍ നടന്ന ആത്മീയ വൈജ്ഞാനിക ഉത്സവത്തിന് കൊടിയിറങ്ങി. ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളെ നിളാ നദിക്കരയില്‍ എത്തിച്ച് ഐക്യത്തിനായുള്ള കാലഘട്ടത്തിന്റെ ആഹ്വാനം നിര്‍വഹിച്ച നിര്‍വൃതിയിലാണ് സംഘാടകര്‍. സംസ്‌കൃതിയുടെ വീണ്ടെടുപ്പിന് അടുത്ത വര്‍ഷത്തെ നദീഉത്സവത്തില്‍ ഒരുമിക്കുമെന്ന ഉറപ്പ് ഭാരതപുഴയ്‌ക്ക് നല്‍കിയാണ് ഓരോ ഭക്തനും നിളാതീരംവിട്ടത്.
ഇന്നലെ അമൃതസ്നാനത്തിന് നാഗസംന്യാസിമാര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് നിളയില്‍ മുങ്ങിനിവര്‍ന്നത്. നാവാമുകുന്ദ ക്ഷേത്രത്തില്‍ നിന്നും ഹരഹര മഹാദേവാ… ജയ്ശ്രീറാം… ജയ്ഗംഗാ മാതാ തുടങ്ങിയ മന്ത്രജപങ്ങളോടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിലുള്ള സംന്യാസിവര്യന്മാരും ഭക്തരും ധര്‍മ്മസേതുവഴി ആരതി ഘാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ആരതി ഘാട്ടില്‍ എത്തിയ സംന്യാസിമാര്‍ക്കൊപ്പം ഭക്തരും നിളയെ വന്ദിച്ച് അമൃതസ്നാനം നിര്‍വഹിച്ചു.
തവനൂരില്‍ മാതാ അമൃതാനന്ദമയീ മഠം താനൂര്‍ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ നേതൃത്വത്തില്‍ നടത്തിയ മഹാമാഘത്തിന് സമാപ്തി കുറിച്ച് ലക്ഷദീപം സമര്‍പ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘാട്ടില്‍ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രതന്ത്രി ഡോ. നിത്യാനന്ദ അഡിഗ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
താനൂര്‍ മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008 അമ്മമാര്‍ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിക്ക് ശേഷം തവനൂരിലെ നദിക്കര ശുചീകരണ യജ്ഞവും അമല ഭാരതം പദ്ധതിയുടെ ഭാഗമായി നടന്നു.



















Discussion about this post