കോട്ടയം: അനാദികാലം മുതലുള്ള ഭാരതത്തിന്റെ മാതൃപൂജാ സങ്കല്പമാണ് വന്ദേമാതരത്തിലൂടെ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഭാരതത്തിന് മുമ്പില്‍ വരച്ചുകാട്ടിയതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1937 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം വന്ദേമാതരത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന പ്രധാന ഭാഗങ്ങളെ മുറിച്ചുമാറ്റിയ കാലം മുതല്‍ കോണ്‍ഗ്രസ് ഭാരതത്തില്‍ പ്രീണന രാഷ്‌ട്രീയം ആരംഭിച്ചു. ബംഗാള്‍ വിഭജനത്തെ അതിജീവിക്കുവാന്‍ ഓരോ ഭാരതീയനും കരുത്തായത് വന്ദേമാതരമാണ്. ബംഗാള്‍ വിരുദ്ധ പ്രക്ഷോഭത്തെ വന്ദേമാതര പ്രക്ഷോഭം എന്നും വിശേഷിപ്പിക്കുന്നു. 1909 ല്‍ മുസ്ലിം ലീഗിന്റെ ദേശീയ സമ്മേളനത്തിലാണ് വന്ദേമാതരത്തെ വര്‍ഗീയ ഗീതമായി അവതരിപ്പിച്ചത്.
പിന്നീട് 1937ല്‍ ഈ വാദത്തെ അംഗീകരിക്കുവാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ 1947 ആഗസ്ത് 15ന് ആകാശവാണിയിലൂടെ ഓംകാര്‍നാഥ ഠാക്കൂര്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ആവശ്യപ്രകാരം തന്നെയായിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന് ശക്തി പകര്‍ന്നതും വന്ദേമാതരമായിരുന്നു. രാഷ്‌ട്രത്തെ വിഭജിക്കാനുള്ള നീക്കങ്ങള്‍ എപ്പോഴൊക്കെ ഉണ്ടായിട്ടുണ്ടോ അതിനെയൊക്കെ ഭാരതം പ്രതിരോധിക്കാന്‍ ഉപയോഗിച്ച ഉജ്ജ്വല മന്ത്രമാണ് വന്ദേമാതരം. രാഷ്‌ട്ര വിഭജന ശക്തികള്‍ക്ക് എതിരെ ഒറ്റക്കെട്ടായി പോരാടുവാന്‍ വന്ദേമാതരത്തിന്റെ 150 ാം വാര്‍ഷികത്തില്‍ ഓരോ യുവാക്കളും പ്രതിജ്ഞയെടുക്കണമെന്നും നന്ദകുമാര്‍ ആഹ്വാനം ചെയ്തു.
















Discussion about this post