കൊച്ചി: കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്ന് 12 ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്. രാഷ്‌ട്രീയപ്രേരിതമായ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരത്തെ തള്ളിക്കളയുന്നു, പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും, ലേബര്‍ കോഡുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ നാല് ലേബര്‍ കോഡുകളില്‍ വേജ് കോഡ്, സോഷ്യല്‍ സെക്യൂരിറ്റി കോഡ് എന്നിവ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. മറ്റു രണ്ട് ചട്ടങ്ങളിലെ ആശങ്കകള്‍ കേന്ദ്ര തൊഴില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ചട്ടങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബിഎംഎസ് സ്വാഗതം ചെയ്യുന്നു.
തൊഴിലാളി മേഖലയില്‍ രാഷ്‌ട്രീയ താല്പര്യങ്ങള്‍ കലര്‍ത്തുന്നതിനെ സംഘടന ശക്തമായി എതിര്‍ക്കുന്നു. ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഇപിഎഫ്, ഇഎസ്‌ഐ പരിധി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തൊഴിലാളി ക്ഷേമത്തോടൊപ്പം രാജ്യപുരോഗതിക്കും മുന്‍ഗണന നല്‍കുന്നതിനാലാണ് പണിമുടക്കിനോട് സഹകരിക്കാത്തതെന്ന് ജി.കെ. അജിത്ത് വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് ഗുണകരമായ എല്ലാ സര്‍ക്കാര്‍ നടപടികളെയും ബിഎംഎസ് പിന്തുണയ്‌ക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. അനാവശ്യ പണിമുടക്ക് തള്ളിക്കളയണമെന്ന് വൈദ്യുതി മസ്ദൂര്‍ സംഘ് അറിയിച്ചു. കേരളത്തില്‍ വൈദ്യുതി മേഖലയില്‍ സ്ഥിരം ജീവനക്കാരുടെ എണ്ണം ഇടത് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കാലാവധി കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നില്ല. അര്‍ഹതപ്പെട്ട ഡിഎ ആനുകൂല്യം നിഷേധിച്ചും ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാതെ 8 മണിക്കൂറിന് പകരം ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുന്ന ഇടത്പക്ഷ സര്‍ക്കാരാണ് കേന്ദ്രം തൊഴിലാളിദ്രോഹം നടത്തുന്നു എന്ന് ആരോപിച്ച് സമരം നടത്തുന്നത്. ഇതര ട്രേഡ് യൂണിയനുകളുടെ കപടമുഖം തിരിച്ചറിയണമെന്നും കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍ പറഞ്ഞു.















Discussion about this post