കോട്ടയം : കേരള നവോത്ഥാനത്തെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്തു പൊതു മണ്ഡലത്തിൽ അവതരിപ്പിച്ചത് പി പരമേശ്വർജി ആണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ വി മഹേഷ്. പി പരമേശ്വർജി പഠന കേന്ദ്രം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച സ്വർഗ്ഗീയ പരമേശ്വർജി അനുസ്മരണ പ്രഭാഷണ പരമ്പരയിൽ കേരളം ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകാനന്ദ സ്വാമി ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തെ നന്മയിലേക്ക് നയിച്ച നവോത്ഥാന പ്രവർത്തനങ്ങളെ ചുരുക്കത്തിൽ കേരളം ഭ്രാന്താലയത്തിൽ നിന്നും തീർത്ഥാലയത്തിലേക്ക് എന്നു വിശേഷിപ്പിക്കുകയാണ് പരമേശ്വർജി ചെയ്തത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിക്കളുമടക്കമുള്ളവർ മുന്നോട്ടു വച്ച ആശയങ്ങളും അവരുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനവും കൊണ്ടുമാണ് ഇതു സാധ്യമായതെന്നു ആധുനിക കേരളത്തെ ബോധ്യപ്പെടുത്താൻ പരമേശ്വർജിക്കു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ക്ഷേത്ര സംരക്ഷണ സമിതി മേഖല സെക്രട്ടറി പി. എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാഷണ പരമ്പരയുടെ സമാപന ദിനമായ ഇന്നു വിവേകാനന്ദൻ പരമേശ്വർജിയുടെ വൈചാരിക സാധനയിൽ എന്ന വിഷയം രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പി ആർ സജീവ് അവതരിപ്പിക്കും.


















Discussion about this post