കോഴിക്കോട്: ജാതിചിന്തക്കും ഉച്ചനീചത്വങ്ങള്‍ക്കും അതീതമായി ഏകീകൃത ഹിന്ദുസമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജ്രംഗ് ലാല്‍ ബാഗ്ര പറഞ്ഞു.വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് സംഘടിപ്പിച്ച മഹാ സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ ഹിന്ദു സമാജം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും ശക്തമായ ഐക്യം കെട്ടിപ്പടുക്കാനും ഓരോ ഹിന്ദുവും തങ്ങളുടെ സമയവും ബുദ്ധിയും സമ്പത്തും സമാജത്തിനായി സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിവ്യവസ്ഥയേയും തൊട്ടുകൂടായ്മയേയും വേദങ്ങളോ ശാസ്ത്രങ്ങളോ അംഗീകരിക്കുന്നില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ഉദ്ഘാടന യോഗത്തില്‍ സന്യാസി സമൂഹം ഐകകണ്‌ഠ്യേന പ്രഖ്യാപിച്ച ഐക്യ സന്ദേശം ഇന്നും പ്രസക്തമാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജീവിതം കേവലം ആരാധനയ്ക്ക് മാത്രമുള്ളതല്ല. അവരുടെ ജീവിതമാതൃക പിന്തുടരാനുമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കുകയായിരുന്നു അവര്‍. സമൂഹത്തിന് വേണ്ടി സമയവും സമ്പത്തും മനസ്സും സമുര്‍പ്പിക്കാന്‍ കഴിയണം. ഓരോ വ്യക്തിയും വരുമാനത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും സേവന പ്രവര്‍ത്തനത്തിനായി മാറ്റിവെയ്ക്കണം. സ്വന്തം കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതില്‍ ഒരു പങ്ക് സമൂഹത്തിനായി മാറ്റിവെയ്ക്കാന്‍ തയ്യാറാകണം.അദ്ദേഹം പറഞ്ഞു.
വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠം ആചാര്യന്‍ സ്വാമി വിവേകാമൃതാനന്ദ പുരി , കോഴിക്കോട് ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുത്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.ആര്‍. കണ്ണന്‍, ജില്ലാ പ്രസിഡന്റ് സജിത് കുമാര്‍ എം.കെ. , സെക്രട്ടറി സുധീഷ്.കെ., എം. രഘുവീര്‍ എന്നിവര്‍ പങ്കെടുത്തു.


















Discussion about this post