കൊച്ചി: അര്‍പ്പണ ബോധത്തോടെ രാഷ്‌ട്ര സേവന പാതയിലൂടെ സഞ്ചരിച്ച വ്യക്തിത്വമാണ് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ദേശീയതയും ദേശ സ്‌നേഹവും ഉള്‍ക്കൊണ്ട അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനം വരും തലമുറയ്‌ക്കു മാതൃകയാണ്. പദ്മവിഭൂഷണ്‍ പി. നാരായണനെ (നാരായണ്‍ജി) ആദരിക്കാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച സമാദരണസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ജനാധിപത്യത്തിനായി നിലകൊള്ളുകയും അതിനായി ജയില്‍ വാസമനുഭവിക്കുകയുമാണ് നാരായണന്‍ ചെയ്തതെന്ന് ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തോട് പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തനത്തിനുള്ള ആദരവായാണ് അദ്ദേഹത്തിനു രാഷ്‌ട്രം പദ്മവിഭൂഷണ്‍ സമ്മാനിച്ചത്. സഞ്ചരിക്കുന്ന സര്‍വ വിജ്ഞാനകോശമെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഉദാരവത്കരണത്തിന്റെ കാലഘട്ടത്തില്‍ പരസ്യക്കാരാണ് കണ്ടന്റ് നിശ്ചയിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ജന്മഭൂമിയുടെയും നാരായണ്‍ജിയുടെയും യാത്രയെന്നും കേന്ദ്രമന്ത്രി തുടര്‍ന്നു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കുമ്മനം രാജശേഖരന്‍ സമാദരണം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ് എന്നിവര്‍ സംസാരിച്ചു. പി. നാരായണന്‍ മറുപടി പറഞ്ഞു.















Discussion about this post