തിരുവനന്തപുരം: ജന്മഭൂമിയുടെ മാതൃസ്ഥാപനമായ മാതൃകാ പ്രചരണാലയത്തിനു കീഴിൽ കൊച്ചുവെളി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം ആരംഭിക്കുന്ന ‘മാതൃകാ പ്രിന്റ്ടെക്കി’ന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. രാജേഷ്, ആർ.എസ്.എസ്. മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ, ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ജനം ടി.വി. എം.ഡി. ചെങ്കൽ രാജശേഖരൻ തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ പ്രസ്സിന്റെ സ്വിച്ച് ഓൺ കർമ്മം ചെയ്തു. തുടർന്ന് ജന്മഭൂമി എം.ഡി. കെ.ആർ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. 3000-ലധികം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ അത്യാധുനിക പ്രിന്റിങ് മെഷീനുകളോടെ നിർമ്മിച്ച ഈ പ്രസ്സ് അച്ചടിരംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ചടങ്ങിൽ സംസാരിച്ച ആർ.എസ്.എസ്. മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ ജന്മഭൂമിയുടെ വളർച്ചയെയും ആദർശബോധത്തെയും കുറിച്ച് ഓർമ്മിപ്പിച്ചു. വലിയ സാമ്പത്തിക അടിത്തറയോ സർക്കാരിന്റെ സഹായമോ വൻകിടക്കാരുടെ പിൻബലമോ ഇല്ലാതെ കോഴിക്കോട്ടെ ഒരു സാധാരണ സായാഹ്നപത്രമായി ആരംഭിച്ച ജന്മഭൂമിയുടെ ഇന്നത്തെ വളർച്ച അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് എഡിറ്റർ ദത്താത്രേയ റാവു ഉൾപ്പെടെയുള്ളവർ ക്രൂരമർദ്ദനത്തിന് ഇരയാവുകയും പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തെങ്കിലും ഭരണകൂടത്തിന് മുന്നിൽ വഴങ്ങാൻ പത്രം തയ്യാറായില്ല. മാസങ്ങളോളം ശമ്പളം വാങ്ങാതെ ജോലി ചെയ്ത ജീവനക്കാരുടെയും പ്രസ്ഥാനത്തെ സ്നേഹിച്ചവരുടെയും നിശ്ചയദാർഢ്യമാണ് പ്രതിസന്ധികളെ അതിജീവിച്ച് പത്രത്തെ മുന്നോട്ടുകൊണ്ടുപോയത്. വലിയ മുതലാളിമാർ നടത്തുന്ന പത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആദർശശുദ്ധമായ ദേശീയത ഉൾക്കൊള്ളുന്ന ജന്മഭൂമി ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടി വരികയാണെന്നും തലസ്ഥാന നഗരിയിൽ സ്വന്തമായി പ്രിന്റിംഗ് പ്രസ്സ് ആരംഭിക്കുന്നത് ഈ ആദർശ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












