കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ കവിത്വം മലയാളികള് വേണ്ടത്ര തിരിച്ചറിഞ്ഞില്ലെന്ന് ഗുരുധര്മ്മ പ്രചാരകന് ജയരാജ് ഭാരതി. നവരാത്രി സര്ഗ്ഗോത്സവത്തിന്റെ ഏഴാംദിനം സര്ഗ്ഗസംവാദത്തില് നാരായണഗുരുവിന്റെ കാവ്യജീവിതം എന്ന വിഷയത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാരായണഗുരുവിനെ സാമൂഹിക പരിഷ്കര്ത്താവ്, ആത്മീയാചാര്യന് എന്നീ നിലകളില് മാത്രമാണ് മലയാളികള് കണ്ടത്. ഋഷിയും മഹാകവിയുമായിരുന്നു ഗുരുവെന്ന് നിസ്സംശയം പറയാം. മുക്തകങ്ങള് മുതല് ശതകം വരെ 73 ഓളം കൃതികള് ഗുരുവിന്റേതായി കണ്ടെത്തിയിട്ടുണ്ട്.
മാതൃഭാഷയായ മലയാളത്തിലും അമര ഭാഷയായ സംസ്കൃതത്തിലും ആദിഭാഷയായ തമിഴിലും ഒരുപോലെ ഗുരു കവിതകള് രചിച്ചിട്ടുണ്ട്. മൂന്നു ഭാഷയിലും ഒരേ സമയം കവിതകള് രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പദങ്ങള് പോലും മലയാളീകരിച്ച് എഴുതിയതായും അദ്ദേഹത്തിന്റെ കൃതികളില് കാണാം. ചെറുബാല്യത്തില് തന്നെ കീര്ത്തനങ്ങളും ശ്ലോകങ്ങളും ഉരുവിട്ട് പഠിക്കുകയും നിരന്തരം കാവ്യസാധനയില് ഏര്പ്പെടുകയും ചെയ്തു. വാക്കുകള് കൊണ്ട് നൃത്തമാടുകയും മനസ്സില് വിചാരിക്കുന്ന സമയം തന്നെ കാവ്യ പ്രവാഹം വരുകയും ചെയ്യുന്ന അദ്ദേഹത്തെ ഒരു കവി എന്ന നിലയില് കാണാന് മലയാളികള്ക്ക് കഴിഞ്ഞിട്ടില്ല. അനായാസം, നിര്ഭയമായി കവിതകള് എഴുതുന്ന കവി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള കവിതയെ ശ്രീനാരായണ ഗുരുവിന് മുമ്പും ശേഷവും എന്ന രീതിയില് വേര്തിരിക്കാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്ത്തു. സ്പൈസസ് ബോര്ഡ് മുന് ഡയറക്ടര് ഒ.ടി.എസ്. നമ്പ്യാര് അദ്ധ്യക്ഷനായി. നവരാത്രി സര്ഗ്ഗോത്സവം മാതൃസമിതി ഉപാധ്യക്ഷ പി.ജി. പ്രിയ സ്വാഗതം പറഞ്ഞു.
അനന്യ കൃഷ്ണകുമാറിന്റെ ഭരതനാട്യം, എസ്.ആര്. ലക്ഷ്മിയുടെ വയലിന് ഫ്യൂഷന്, കലാക്ഷേത്ര പ്രീതി സുധീഷും എസ്. ശ്രീലക്ഷ്മിയും അവതരിപ്പിച്ച ഭരതനാട്യം, സിന്ധു പ്രകാശ്, സുനിത ശിവന്, സ്വപ്ന ഷാജി, വര്ഷ പ്രകാശ് എന്നിവരുടെ ഭരതനാട്യവും ഉണ്ടായിരുന്നു. സരസ്വതി മണ്ഡപത്തില് രാവിലെ നൃത്താര്ച്ചനയും ലളിതഗാന മത്സരവും നടന്നു. കോഴിക്കോട് സേവാഭാരതി ബാലികസദനത്തിലെ കുട്ടികള് അവതരിപ്പിച്ച ഭജനയും നടന്നു.













