കോഴിക്കോട്: ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങളെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. നവരാത്രി സര്ഗ്ഗോത്സവം കോഴിക്കോട് കേസരി ഭവനില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികാസ് ഭി, വിരാസത് ഭി (വികസനവും പൈതൃകവും) എന്ന കാഴ്ചപ്പാടിനെ സൂചിപ്പിച്ചുകൊണ്ടാണ് ഭാരത ത്തിന്റെ സാംസ്കാരിക പൈതൃകവും വികസനലക്ഷ്യങ്ങളും പരസ്പര പൂരകങ്ങളാണെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കിയത്. ഒരു ആല്മരം അതിന്റെ ആഴത്തിലുള്ള വേരുകളില് നിന്ന് ശക്തി ഉള്ക്കൊണ്ടുകൊണ്ട് ശാഖകള് വികസിപ്പിക്കുന്നത് പോലെ, ആധുനികതയെയും പുരോഗതിയെയും സ്വീകരിക്കുമ്പോഴും ഭാരതത്തിന്റെ പാരമ്പര്യങ്ങളും മൂല്യങ്ങളും രാജ്യത്തിന് സ്ഥിരതയും വ്യക്തിത്വവും തുടര്ച്ചയും നല്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
സൃഷ്ടി, ശക്തി, ജ്ഞാനം, കരുണ എന്നിവയുടെ ശാശ്വത ഉറവിടമായ ആദി പരാശക്തിയെയാണ് നവരാത്രിക്കാലത്ത് ആരാധിക്കുന്നത്. ഭയത്തെ ധൈര്യം കൊണ്ടും അനീതിയെ നീതി കൊണ്ടും അജ്ഞതയെ ജ്ഞാനം കൊണ്ടും മറികടക്കണമെന്നതാണ് നവരാത്രിയുടെ കാലാതീതമായ സന്ദേശം. ഭാഷകളിലും ആരാധനാ രീതികളിലും വൈവിധ്യമുണ്ടെങ്കിലും പങ്കുവെക്കപ്പെട്ട സാംസ്കാരിക പൈതൃകത്തിലൂടെ ഭാരതം ഒന്നിച്ചുനില്ക്കുന്നു. ഇത് ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നു. മലയാളി ഗോവാ ഗവര്ണറും ഗോവയിലുള്ളയാള് കേരള ഗവര്ണറുമാകുന്നതാണ് ഭാരതത്തിന്റെ സൗന്ദര്യം. മലയാള മാധ്യമപ്രവര്ത്തനരംഗത്തും ജനാധിപത്യ മൂല്യങ്ങള്, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ വളര്ത്തുന്ന തിലും കേസരി നല്കിയ സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
രാഷ്ട്രീയ അക്രമം അവസാനിച്ചാല് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അക്രമം ജയിക്കില്ല എന്നതിന് സി. സദാനന്ദന് മാസ്റ്റര് ജീവിക്കുന്ന ഉദാഹരണമാണ്. പല പേരിലുള്ള ദൈവം ഒന്നുതന്നെ. കേരളം റംസാനും ക്രിസ്തുമസും ഓണവും ഒരുമിച്ച് ആഘോഷിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്ത്തു.
പ്രഥമസര്ഗ്ഗകേസരി പുരസ്കാരം ആര്ട്ടിസ്റ്റ് പി.ആര്. രാജേന്ദ്രന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് സമ്മാനിച്ചു. കേസരി പ്രസിദ്ധീകരിച്ച ‘സംഘനൂറ്റാണ്ടിലെ അക്ഷരമുദ്രകള്’ എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. കേരളം, തമിഴ്നാട് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കര്, രാജ്യസഭാംഗം സി. സദാനന്ദന് മാസ്റ്റര്, സര്ഗ്ഗോത്സവസമിതി പ്രസിഡന്റ് വിധു ബാല, വര്ക്കിംഗ് പ്രസിഡന്റ് എ.കെ. പ്രശാന്ത് തുടങ്ങിയവര് പങ്കെടുത്തു.













