പാലക്കാട്: ആര്‍എസ്എസ് പാലക്കാട് ജില്ലാ മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇമാമിന്റെ പങ്ക് നിര്‍ണായകം. കൊലയാളികള്‍ക്ക് എല്ലാവിധ സഹായവും നല്‍കിയത് ഇമാമുമാരാണ്. അറസ്റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം അലിയുടെ മകന്‍ സദാം ഹുസൈനെ (30)റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാം സദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കൊലയാളികളിലൊരാളുടെ മൊബൈല്‍ പള്ളിയില്‍ ഒളിപ്പിച്ചതും ഇയാളാണ്. ഇയാള്‍ക്ക് അരുംകൊലയില്‍ നിര്‍ണായക പങ്കുണ്ട്.
മുഖ്യപ്രതികളായ ആറംഗ സംഘം കേരളം വിട്ടിട്ടില്ലെന്നും അവര്‍ ആരൊക്കെയാണെന്നും എവിടെയുണ്ടെന്ന് അറിയാമെന്നും ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച മൂന്ന് ഇരുചക്ര വാഹനങ്ങളും ആയുധം കടത്തിയ പെട്ടി ഓട്ടോയും പിടിച്ചെടുത്തു. പള്ളിയില്‍നിന്ന് പ്രതികളുപേക്ഷിച്ച മൊബൈലുകളും വ്യക്തിഗത രേഖകളും കണ്ടെത്തി. ഏഴു പ്രതികളാണ് റിമാന്‍ഡിലുള്ളത്. ജില്ലയിലെ നിരോധനാജ്ഞ 28 വരെ നീട്ടി.
പാലക്കാട്ടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ശംഖുവാരത്തോട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ പള്ളിയിലെ രണ്ട് ഇമാമുമാരാണ് പ്രതികളായത്. തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഇമാം മലപ്പുറം വണ്ടൂര്‍ അര്‍പ്പോയില്‍ മുഹമ്മദ് ഇബ്രാഹിം മൗലവി ഒളിവിലാണ്. ശ്രീനി
വാസനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സദാം ഹുസൈന്‍ ഇപ്പോഴത്തെ ഇമാമാണ്. 1999ലെ എന്‍ഡിഎഫ് പരിശീലനത്തിന് നേതൃത്വം നല്കിയ കരാട്ടെ ഹക്കീമിന്റെ മക്കളാണ് മുഖ്യപ്രതികളില്‍പ്പെട്ട അബ്ദുള്‍ റഹ്മാനും ആദ്യം അറസ്റ്റിലായ മുഹമ്മദ് ബിലാലും. റഹ്മാന്‍ ഒളിവിലാണ്.
അതിനിടെ, പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും പുറത്തായിട്ടുണ്ട്. പ്രതികളിലൊരാളായ സഹദ് സ്‌കൂള്‍ കാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരേ സിപിഎം ഓഫീസില്‍ നിന്നു കല്ലെറിഞ്ഞ സംഘത്തിലും ബിജെപി കാര്യാലയത്തിന് നേരേ നടന്ന ആക്രമണത്തിലും ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികള്‍ ഉണ്ടായിരുന്നു. കേസിലെ സിപിഎം ബന്ധം അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post