കോഴിക്കോട്: സമൂഹത്തിന് മാധ്യമങ്ങളുടെ മേല്‍ ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും മാധ്യമങ്ങളുമായി സംവദിക്കാന്‍ സമൂഹം തയ്യാറാവണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ പയനീയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ജെ. ഗോപീകൃഷ്ണന്‍. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേവര്‍ഷി നാരദജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പി.വി.കെ. നെടുങ്ങാടി സ്മാരക പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ ‘മാധ്യമരംഗത്തെ രാഷ്ട്രീയ-മത-കോര്‍പറേറ്റ് സ്വാധീനം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാവരും മാധ്യങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളുടെ കാര്യത്തില്‍ സമൂഹത്തിനും ചില ചുമതലകളുണ്ട്. വാര്‍ത്തകളോട് പ്രതികരിച്ച് തിരുത്തല്‍ ശക്തിയാകാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. മതങ്ങളായാലും രാഷ്ട്രീയക്കാരായാലും കോര്‍പറേറ്റ് ശക്തികളായാലും മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളുടെ ശക്തി മനസ്സിലാക്കിയതുകൊണ്ടാണ്. കോര്‍പറേറ്റുകള്‍ അവരുടെ സ്വന്തം പത്രങ്ങള്‍ തുടങ്ങാന്‍ ആദ്യം ഒരുങ്ങിയെങ്കിലും ഇതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് അവര്‍ മാധ്യമങ്ങളില്‍ മൂലധനനിക്ഷേപം കൊണ്ടും മറ്റും സ്വാധീനിക്കാന്‍ ശ്രമം തുടങ്ങിയത്. മുസ്‌ളീം മതം മാധ്യമങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടാക്കണമെന്നത് ആഗോള തീരുമാനമായിരുന്നു. എണ്‍പതുകളില്‍ അത് കേരളത്തില്‍ നടപ്പാക്കുകയും ചെയ്‌തെന്ന് ഗോപീകൃഷ്ണന്‍ പറഞ്ഞു.
പി.വി.കെ. നെടുങ്ങാടി സ്മാരക പുരസ്‌കാരം മാതൃഭൂമി സബ് എഡിറ്റര്‍ ആഷിക് കൃഷ്ണന് മാതൃഭൂമി മുന്‍ പത്രാധിപര്‍ എം. കേശവ മേനോന്‍ സമ്മാനിച്ചു. ചടങ്ങില്‍ മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എ.കെ. അനുരാജ് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കോഴിക്കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, സീഡ് ടിവി ചീഫ് എഡിറ്റര്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ ആശംസയര്‍പ്പിച്ചു. മാതൃഭൂമി മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ പി. ബാലകൃഷ്ണന്‍, സുവര്‍ണ മുല്ലപ്പള്ളി എന്നിവര്‍ സംബന്ധിച്ചു. കേസരി ഡെപ്യുട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന്‍ സ്വാഗതവും ജന്മഭൂമി ബ്യൂറോ ചീഫ് യു.പി. സന്തോഷ് നന്ദിയും പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ ഒമ്പതുപേരെ ചടങ്ങില്‍ ആദരിച്ചു.
Discussion about this post