പാനിപ്പത്ത് : ഉപഭോക്താവിനെ മുൻ നിർത്തിയാകണം സാമ്പത്തിക ലോകത്തിന്റെ ചിന്തയെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഏറ്റവും സാധാരണക്കാരനായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം. ഈ ദിശയിലുള്ള ചിന്തയും പ്രവർത്തനവുമാണ് ഗ്രാഹക് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ സുവർണ ജൂബിലി വർഷം ഹരിയാനയിലെ പാനിപ്പത്ത് , സമൽഖ സേവാ സാധന വികാസ് കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സർസംഘചാലക് .
ഗ്രാഹക് പഞ്ചായത്ത് മുഴുവൻ സമാജത്തിന്റെയും സംഘടനയാണ്. കാരണം സമാജം ഉപഭോക്താവാണെന്നത് തന്നെ. പ്രായഭേദമില്ലാതെ സമൂഹത്തിൽ എല്ലായ്പ്പോഴും ഉപഭോക്താക്കളുണ്ടാകും.
എന്നാൽ പ്രവർത്തനം ധർമ്മ ചിന്തയുടെ ആധാരത്തിലാകണം. കൺസ്യൂമർ എന്ന വാക്ക് ഉപഭോഗം ചെയ്യുന്നതിനെയാണ് അർത്ഥമാക്കുന്നത്, ഒരാൾ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കണമെന്നില്ല, താൽപ്പര്യമുണ്ടെങ്കിൽ എപ്പോഴും കഴിക്കാം. എന്നാൽ ഗ്രാഹക് എന്ന വാക്ക് ആവശ്യത്തിന് വാങ്ങുന്നവരെയാണ് കുറിക്കുന്നത്. ഉപഭോക്താവിൽ ഈ സംസ്കാരം വളരണം , സർസംഘചാലക് പറഞ്ഞു.
ഗ്രാഹക് പഞ്ചായത്തിന്റെ സുവർണ ജൂബിലി സമ്മേളനം നടക്കുമ്പോൾ രാജ്യത്ത് ജി-20 സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നുവെന്നത് ശുഭകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി ചൗബെ പറഞ്ഞു. ജി-20-ൽ ഉൾപ്പെട്ട രാജ്യങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയുടെ 70 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. അർത്ഥമുള്ളിടത്ത് ഉപഭോക്താവുണ്ട്. ഈ കാഴ്ചപ്പാടിൽ ഗ്രാഹക് പഞ്ചായത്തിന്റെ പ്രവർത്തനം പ്രധാനമാണ്. രാജാവും പ്രജകളും തമ്മിൽ അച്ഛനും മകനും തമ്മിലുള്ള ബന്ധമുണ്ടെന്ന് കൗടില്യൻ പറഞ്ഞിട്ടുണ്ട്.
അടുത്തിടെ കേന്ദ്ര സർക്കാർ എൻസിആറിലെ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി ഉപഭോക്താക്കൾക്ക് എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പരീക്ഷണം വിജയിച്ചാൽ കർഷകരുടെ ഉൽപ്പന്നങ്ങൾ രാജ്യത്തെ എല്ലാ ഉപഭോക്താക്കളുടെയും വീടുകളിൽ നേരിട്ട് എത്തിക്കാൻ കഴിയും, മന്ത്രി പറഞ്ഞു..
നമുക്ക് പുരോഗതിയും പ്രകൃതിയും ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ആഭരണങ്ങളിൽ കേന്ദ്രം ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഭാവിയിലും, ഗ്രാഹക് പഞ്ചായത്തുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്ന് 12 പേരടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 800 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
ബറോഡ ഇസ്‌കോൺ മേധാവി സ്വാമി നിത്യാനന്ദ് ജി, സ്വാമി വിചാര് ചിന്മയാനന്ദ്, സുവർണ ജൂബിലി വർഷാഘോഷ കമ്മിറ്റി ചെയർമാൻ അശോക് പാണ്ഡെ, ഗ്രാഹക് പഞ്ചായത്ത് പ്രസിഡന്റ് നാരായൺ ഭായ് ഷാ എന്നിവരും പങ്കെടുത്തു.
Discussion about this post