പൂനെ: സാംസ്‌കാരിക മാര്‍ക്സിസമെന്ന പേരില്‍ ലോകമെമ്പാടും വിനാശം വിതയ്ക്കുകയാണ് ഇടതുപക്ഷചിന്തകര്‍ ചെയ്യുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകജീവിതത്തെ നശിപ്പിക്കുന്നതിനാണ് അവരുടെ ആശയങ്ങള്‍ പരിശ്രമിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിനാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അഭിജിത്ത് ജോഗ് രചിച്ച മറാത്തി പുസ്തകമായ ‘ജഗല പൊഖര്‍നാരി ദാവി വാല്‍വി’യുടെ പ്രകാശനം പൂനെ സിംബയോസിസ് വിശ്വഭവന്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെമ്പാടും വിവാഹങ്ങള്‍ക്കും പവിത്രമായ കുടുംബബന്ധങ്ങള്‍ക്കുമെതിരായ ചിന്തയാണ് ഇടതുപക്ഷ ആശയക്കാര്‍ ഉയര്‍ത്തിയത്. പുരോഗമനത്തിന്റെ പേരില്‍ അവര്‍ പടിഞ്ഞാരന്‍ നാടുകളിലെ ചിന്താഗതിയില്‍ നാശത്തിന്റെ വിത്ത് വിതച്ചു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ഇടതുപക്ഷക്കാര്‍ വിവാഹബന്ധങ്ങളെയും മാംഗല്യസൂത്രത്തിന്റെ പവിത്രതയും അപഹസിച്ചു. പ്രത്യയശാസ്ത്ര ചര്‍ച്ചകളെന്ന പേരില്‍ ജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ വിതയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തിന് ദോഷം ചെയ്യും. മനുഷ്യനെ മനുഷ്യത്വത്തിന്റെ ബന്ധങ്ങളിലൂടെ കൂട്ടിയിണക്കുന്ന സമാജനിര്‍മ്മിതി തകര്‍ക്കും. മനുഷ്യനെ ഈ ആശയങ്ങള്‍ മൃഗീയതയിലേക്ക് നയിക്കും, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ ആശയമെന്ന ഈ വിപത്ത് ഭാരതീയ സമൂഹത്തിലും അവരുടെ വിനാശപ്രക്രിയ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ മാത്രമല്ല, വീടുകളിലും ഇത് എത്തിയിട്ടുണ്ട്. അതുകൊണ്ട് ഭാരതീയ സമൂഹം ഇതിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍ പുതിയതല്ല. ദേവന്മാരും അസുരന്മാരും തമ്മിലുള്ള സംഘട്ടനത്തിന്റെ ആധുനിക രൂപമാണിത്. ധാര്‍മ്മിക ജീവിതത്തെ നശിപ്പിക്കാനാണ് എന്നും അസുരന്മാര്‍ പരിശ്രമിച്ചിട്ടുള്ളത്.
ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷമുയര്‍ത്തുന്ന ഈ വെല്ലുവിളിയെ മറികടക്കാന്‍ നമ്മുടെ സംസ്‌കാരത്തെയും ശാശ്വത ജീവിതമൂല്യങ്ങളെയും മുറുകെ പിടിക്കണം. സത്യം, അനുകമ്പ, പരിശുദ്ധി, തപസ്സ് എന്നീ നാല് തത്ത്വങ്ങള്‍ അതിന് സസമാജം സ്വീകരിക്കണ. ചരിത്രകാലം മുതല്‍ ഭാരതം ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്, ഇതിനെ ഇല്ലാതാക്കാനുള്ള കരുത്ത് സനാതന മൂല്യങ്ങളിലൂന്നിയ നമ്മുടെ ജീവിതത്തിനുണ്ട്. സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ തലമുറകളിലേക്ക് പകരാന്‍ കഴിയണം. അതിന് ഇതിനായി എല്ലാ ഭാഷകളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം. ഇത് ഏതെങ്കിലും ഒരു സംഘടനയുടെ പ്രവര്‍ത്തനമല്ല, മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ശാന്തിശ്രീ പണ്ഡിറ്റ്, പ്രസാധകരായ ദിലീപ് രാജ് പ്രകാശന്‍ മാനേജിങ് ട്രസ്റ്റി രാജീവ് ബാര്‍വെ, അഭിജിത്ത് ജോഗ്, ഡോ. ബി. മജുംദാര്‍, ഡോ. വിദ്യ യെര്‍വ്ദേക്കര്‍, മിലിന്ദ് കുല്‍ക്കര്‍ണി, മധുമിത ബാര്‍വെ എന്നിവര്‍ സംസാരിച്ചു.
Discussion about this post