കണ്ണൂര്‍: രണ്ടേകാല്‍ പവന്‍ തൂക്കമുളള സ്വര്‍ണ്ണാഭരണങ്ങൾ സേവാഭാരതിയ്ക്ക് സംഭാവന നല്‍കി ഗൃഹനാഥ. കല്ല്യാട് ചുങ്കസ്ഥാനത്തെ ശ്രേയസ്സില്‍ എ.കെ. രാജഗോപാലന്‍ നമ്പ്യാരുടെ ഭാര്യ കല്ല്യാട്ട് താഴത്തുവീട്ടില്‍ ഇന്ദിരയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം സേവാഭാരതി നടത്തുന്ന സ്തുത്യര്‍ഹമായ സേവന- കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി തന്റെ സ്വന്തം മാലയും മോതിരവും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ സേവാനിധിയിലേക്ക് സംഭാവനയായി നല്‍കിയത്.
ഇന്നലെ വീട്ടിലെത്തിയ ചക്കരക്കല്ലിലെ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ആഭരണങ്ങൾ കൈമാറി. സേവാഭാരതിയ്ക്കു വേണ്ടി ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി. ജന്മഭൂമിയടക്കമുളള മാധ്യമങ്ങളിലൂടെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇവര്‍ മുന്നോട്ടു വന്നത്.
രാജഗോപാലന്‍ നമ്പ്യാര്‍ പഴയകാല ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുളള ഇദ്ദേഹം അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കം സംഘടനാ രംഗത്ത് സജീവമായിരുന്നു. നേരത്തെ ദീര്‍ഘകാലം മാമാനിക്കുന്ന് മഹാദേവീക്ഷേത്രം ഭരണസമിതി പ്രസിഡണ്ടും ജനറല്‍ മാനേജരുമായിരുന്നു. എച്ചൂര്‍ ‘ജാനകിനിലയ’ത്തിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്. കെ.ടി. ശ്രീരാജ്, കെ.ടി. ശ്രീജിത്ത്, പരേതനായ കെ.ടി. ശ്രീകുമാര്‍ എന്നിവര്‍ ഇവരുടെ മക്കളാണ്.
സേവാഭാരതി ജില്ലാ പ്രസിഡണ്ട് ഇ. മോഹനന്‍,ചക്കരക്കല്‍ യൂണിറ്റ് പ്രസിഡണ്ട് സി.എം. ഹരിദാസന്‍, സെക്രട്ടറി വിപിന്‍ പങ്കജ്, ആര്‍എസ്എസ് ചക്കരക്കല്‍ ഖണ്ഡ് സംഘചാലക് എം. വിനോദ്, മാച്ചേരി ശാഖാ മുഖ്യശിക്ഷക് പി.കെ. സൂയിഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post