ന്യൂദല്‍ഹി: കൊറോണ വ്യാപന സാഹചര്യത്തില്‍ നമ്മുടെ സര്‍ക്കാരും ഭരണകൂടവും സമാജവും ഒത്തുചേര്‍ന്ന് കര്‍ത്തവ്യനിര്‍വ്വഹണം നടത്തിയതു പോലുള്ള കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് 17ന് സേവാഭാരതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണയെ നേരിടുന്നതില്‍ അമേരിക്കയും യൂറോപ്പും പോലുള്ള വന്‍ സാമ്പത്തികശക്തികള്‍ പരാജയപ്പെട്ടിടത്താണ് ഭാരതം മാതൃകയായി നില്‍ക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള നമ്മുടെ സനാതന സംസ്‌കാരത്തിന്റെ ഭാഗമാണ് സേവനം. ആത്മീയത മൂലധനമാക്കിയാണ് ഭാരതീയ സമൂഹം മുന്നോട്ട് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണാവ്യാപന സമയത്ത് സേവാഭാരതി സമാജത്തിനുവേണ്ടി നടത്തിയ സേവനപ്രവര്‍ത്തനങ്ങളെ അധികരിച്ച് ‘വയം രാഷ്ട്രാംഗഭൂതാ (കോഫി ടേബിള്‍ ബുക്ക്), കൊറോണ കാലഘട്ടത്തിലെ സംവേദനസ്വഭാവമുള്ള ഭാരതത്തിന്റെ സേവന ഗാഥ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും സേവനത്തിന്റെ നൂറ് ദിനങ്ങള്‍ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു. പ്രശാന്ത് പോള്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ മുഖവുര എഴുതിയിരിക്കുന്നത് ആര്‍.എസ്.എസ്. മുന്‍ സര്‍കാര്യവാഹ് സുരേശ് (ഭയ്യാജി) ജോഷിയാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ, കൊറോണ കാലഘട്ടത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പ്രകടമാക്കുന്നതുമായ നിരവധി ഡോക്യുമെന്ററികളുടെ പ്രകാശനവും നടന്നു.
പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ മുകേഷ് ഗാര്‍ഗ് അദ്ധ്യക്ഷനായ ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ് പന്നാലാല്‍, ഭാരതീയ ചിത്ര സാധനാ പ്രസിഡന്റ് ബ്രജ്കിഷോര്‍ കുഠിയാലാ, ആര്‍.എസ്. എസ്. ദല്‍ഹി പ്രാന്ത സംഘചാലക് കുല്‍ഭൂഷണ്‍ ആഹുജാ, അഖില ഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കര്‍, അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍, സേവാഭാരതി സംഘടനാ കാര്യദര്‍ശി സുധീര്‍, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്ര്, ഭാരതീയ ചിത്ര സാധനയുടെ സെക്രട്ടറി അതുല്‍ ഗംഗവാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post