ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഫൈനല്‍ പ്രവേശ സാധ്യത നിലനിര്‍ത്തണമെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഇന്ന് ശ്രീലങ്കക്കെതിരായ കളി ജയിച്ചേ പറ്റൂ. രാത്രി 7.30ന് കളി തുടങ്ങും.
സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ പാക്കിസ്ഥാനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നത്. അച്ചടക്കമില്ലാത്ത ബൗളിങും ക്യാച്ച് കൈവിട്ടതുമാണ് പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പ്രധാന കാരണം. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത ടീം ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു സൂപ്പര്‍ ഫോറിലെ കഴിഞ്ഞ കളിയില്‍ കണ്ടത്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറികളുമായി വിരാട് കോഹ്‌ലി ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമെന്ന് ഉറപ്പ്.
എന്നാല്‍ ഓപ്പണര്‍ രാഹുലിന്‍റെ മെല്ലെപ്പോക്ക് ഇന്ത്യക്ക് നേരിയ തിരിച്ചടിതന്നെയാണ്. പാക്കിസ്ഥാനെതിരെ കഴിഞ്ഞ കളിയില്‍ 20 പന്തില്‍ നിന്ന് 28 റണ്‍സ് മാത്രമാണെടുത്തത്. അതുപോലെ മധ്യനിരയുടെ ബാറ്റിങ് തകര്‍ച്ചയും ഇന്ത്യക്ക് തിരിച്ചടിയാണ്. പാക്കിസ്ഥാനെതിരെ സംഭവിച്ചതും അതാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും അടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയരും.
മറുവശത്ത് ശ്രീലങ്ക മികച്ച ആത്മവിശ്വാസത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനോടേറ്റ തോല്‍വിക്കുള്ള പകരം വീട്ടലും കൂടിയായിരുന്നു ഈ വിജയം.
Discussion about this post