ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ആർ. പ്രഗ്‌നാനന്ദ ഫൈനലിൽ. മാഗ്‌നസ് കാൾസനാണ് കലാശപ്പോരിലെ പതിനെട്ടുകാരന്റെ എതിരാളി. അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോയെ തോൽപിച്ചാണ് പ്രഗ്‌നാനന്ദ യോഗ്യത നേടിയത്. ടൈബ്രേക്കറിലൂടെയായിരുന്നു ഫൈനൽ പ്രവേശനം. ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്‌നാനന്ദ.
ക്വാർട്ടർ ഫൈനലിലെത്തിയ നാല് ഇന്ത്യൻ താരങ്ങളിൽ പ്രഗ്‌നാനന്ദ മാത്രമാണ് ടൂർണമെൻറിൽ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ അർജുൻ എരിഗൈസിയെ പ്രഗ്‌നാനന്ദ നേരത്തെ പരാജയപ്പെടുത്തിയിരുന്നു. ലോക ചാമ്പ്യനായ മാഗ്‌നസ് കാൾസനെ മുൻപ്് പരാജയപ്പെടുത്തിയ ചരിത്രമുള്ള താരമാണ് ഗ്രാന്റ്മാസ്റ്റർ ആർ പ്രഗ്‌നാനന്ദ. വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപിക്കുന്ന ഇന്ത്യൻ താരമാണ് പ്രഗ്‌നാനന്ദ.
2005-ൽ നോക്കൗട്ട് ഫോർമാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ആർ പ്രഗ്‌നാനന്ദ സ്വന്തം പേരിലാക്കി. വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. ചെസ് ലോകകപ്പ് ഫൈനൽ വലിയ ആവേശമാകുന്നതിൽ സംശയമില്ല. ഈ ലോകകപ്പിനിടെയാണ് പ്രഗ്‌നാനന്ദ 18 വയസ് പൂർത്തിയായത്.
Discussion about this post