ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി. ഖത്തർ മാസ്റ്റേഴ്‌സ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലായിരുന്നു ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ കാൾസനെ താരം അട്ടിമറിച്ചത്.
ക്ലാസിക്കൽ ചെസിൽ കാൾസനെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കാർത്തികേയൻ മുരളി. നേരത്തെ ഇതേ ചാമ്പ്യൻഷിപ്പിൽ നാലാം റൗണ്ടിൽ ഇന്ത്യൻ താരം എം. പ്രണേഷ് കാൾസനെ സമനിലയിൽ തളച്ചിരുന്നു. ഓഗസ്റ്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരക്കാരൻ പ്രഗ്നനന്ദ കാൾസനെ ടൈ ബ്രേക്കറിലെത്തിച്ചിരുന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസിക്കൽ ചെസിൽ കാൾസനെതിരെ വിജയം കാണുന്നത്. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയാണ് 24-കാരനായ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ.
ഏഴ് റൗണ്ട് പിന്നിട്ട ഖത്തർ മാസ്റ്റേഴ്‌സ് ഓപ്പൺ ചെസിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് 5.5 പോയിന്റുമായി മുൻനിരയിലുള്ളത്. അർജുൻ എറിഗൈസി, മലയാളി താരം എസ്.എൽ നാരായണൻ, കാർത്തികേയൻ എന്നിന്നവരാണ് മുന്നിലുള്ളത്. ലൂസെൽ മൾടിടി പർപസ് ഹാലിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറ് പേരാണ് 5.5 പോയിന്റുമായി മുൻനിരയിലുള്ളത്. രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങിയ കാൾസൺ 4.5 പോയിന്റുമായി 23-ാം സ്ഥാനത്താണ്.
Discussion about this post