തായ്വാൻ: ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ തായ്വാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് ഡ്രോണിന് നേരെ തായ്വാന്‍ വെടിയുതിര്‍ത്തു. ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇതാദ്യമായാണ് തായ് വാനില്‍ നിന്ന് ഇത്തരം മുന്നറിയിപ്പ് നല്‍കിയത്. ദ്വീപിന്മേല്‍ ചൈനയുടെ പരമാധികാര അവകാശവാദം ഉന്നയിക്കുമ്പോള്‍ തായ്വാന്‍ അത് ശക്തമായി എതിര്‍ക്കുന്നു. തായ വാന്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ ചൈനയിലേക്ക് തിരിച്ചു പോയതായി സൈനിക വക്താവ് പറഞ്ഞു.
ബെയ്ജിംഗിന്‍റെ സൈനികാഭ്യാസത്തിന്‍റെ ഭാഗമായി ചൈനയുടെ തീരത്തിനടുത്തുള്ള ദ്വീപുകളുടെ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഡ്രോണുകള്‍ ആവര്‍ത്തിച്ച് പറക്കുന്നതായി തായ്വാന്‍ പരാതിപ്പെട്ടു. ബെയ്ജിംഗിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ഈ മാസം ദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചൈന തായ്വാനു ചുറ്റും അഭ്യാസങ്ങള്‍ നടത്തിത്തുടങ്ങിയത്.
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് (10: 00 ജിഎംടി) എര്‍ഡാന്‍ ദ്വീപിനെ സമീപിച്ച ഡ്രോണിനു നേരെയാണ് തത്സമയ വെടിവയ്പ്പ് നടത്തിയതെന്ന് കിന്‍മെന്‍ ഡിഫന്‍സ് കമാന്‍ഡ് വക്താവ് ചാങ് ജംഗ്-ഷൂണ്‍ പറഞ്ഞു. ചൈനയിലെ സിയാമെന്‍, ക്വാന്‍ഷൗ നഗരങ്ങള്‍ക്ക് എതിര്‍വശത്ത്, ചൈനീസ് പ്രദേശത്ത് നിന്ന് ഏതാനും നൂറ് മീറ്റര്‍ (യാര്‍ഡ്) അകലെയാണ് കിന്‍മെന്‍ ദ്വീപുകള്‍. എതിര്‍ത്ത് വെടിവച്ചതോടെ ഡ്രോണ്‍ ചൈനയിലേക്ക് തിരിച്ച് പറന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും യു എസ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഡ്രോണുകളെക്കുറിച്ചുള്ള തായ്വാന്റെ പരാതികളില്‍ അത്ര കാര്യമൊന്നുമില്ലെന്ന രീതിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
അതേസമയം, തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ പെന്‍ഗു ദ്വീപുകളിലെ നാവികസേനാ താവളത്തില്‍ സന്ദര്‍ശനം നടത്തി. ചൈനയുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള അതിര്‍ത്തി ലംഘനവും മറ്റ് ‘ഗ്രേ സോണ്‍’ യുദ്ധ പ്രവര്‍ത്തനങ്ങളേയും സായ് വിമര്‍ശിച്ചു.
”എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാന്‍ ആഗ്രഹമുണ്ട്, ശത്രുക്കള്‍ എത്രത്തോളം പ്രകോപിപ്പിക്കുന്നുവോ അത്രത്തോളം നമ്മള്‍ ശാന്തരായിരിക്കണം,” സായ് നാവിക ഉദ്യോഗസ്ഥരോട് പറഞ്ഞു. ‘ഞങ്ങള്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കില്ല, ഞങ്ങള്‍ സ്വയം സംയമനം പാലിക്കും, പക്ഷേ ഞങ്ങള്‍ എതിര്‍ക്കില്ല എന്നല്ല ഇതിനര്‍ത്ഥം.’
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനത്തിന് പിന്നാലെ ചൈന, തങ്ങളുടെ രോഷം സൈനിക അഭ്യാസത്തിലൂടെ തീർക്കുകയാണ്. നാൻസി പെലോസി തായ്‌വാനിൽ നിന്നും പോയതിന് പിന്നാലെ ചൈന എക്കാലത്തേയും വലിയ സൈനിക അഭ്യാസം ആരംഭിച്ചിരുന്നു.
തായ്‌വാന്റേയും ചൈനയുടേയും യുദ്ധക്കപ്പൽ മുഖാമുഖം എത്തി. തായ്വാന് ചുറ്റും 20 കിലോമീറ്റർ അകലത്തിലുള്ള കടലിലെ ആറ് പ്രദേശങ്ങളിലാണ് ചൈന സൈനിക അഭ്യാസം ആരംഭിച്ചത്. ഇന്നലെ പ്രദേശിക സമയം ഉച്ചയ്ക്ക് സൈനിക അഭ്യാസം അവസാനിപ്പിക്കുമെന്നാണ് ചൈന അറിയിച്ചത്. എന്നാൽ സൈനിക അഭ്യാസം അവസാനിപ്പിച്ചതായി ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
തായ്വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 1949-ലാണ് ചൈനയും തായ്വാനും വിഭജിക്കുന്നത്. എന്നാൽ വിദേശ ഉദ്യോഗസ്ഥരുടെ തായ്വാനിലേക്കുള്ള സന്ദർശനം അതിന്റെ പരമാധികാരത്തിനെതിരാണെന്ന് ചൈന കണക്കാക്കുന്നു.
തങ്ങളുടെ സൈന്യം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് പ്രതികരിക്കാൻ വിമാനങ്ങളും കപ്പലുകളും അയച്ചിട്ടുണ്ടെന്നും തായ്വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ അന്താരാഷ്ട്ര സമൂഹത്തോട് ‘ജനാധിപത്യ തായ്വാനെ പിന്തുണയ്ക്കാനും’ ‘പ്രാദേശിക സുരക്ഷാ സാഹചര്യം വർദ്ധിപ്പിക്കുന്നത് തടയാനും’ ആവശ്യപ്പെട്ടിരുന്നു.
Discussion about this post