വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹിന്ദി മുദ്രാവാക്യവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിര്‍ണായക സ്വാധീനമുള്ള ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. ‘ഭാരത് ഔര്‍ അമേരിക്ക സബ്‌സേ അച്ഛേ ദോസ്ത്’ (ഭാരതവും അമേരിക്കും ഏറ്റവും ഉറ്റ കൂട്ടുകാര്‍) എന്ന മുദ്രാവാക്യമാണ് ട്രംപ് ഉയര്‍ത്തുന്നത്. ട്രംപ് മുദ്രാവാക്യം പറഞ്ഞുപരിശീലിക്കുന്ന വീഡിയോ പുറത്തുവന്നു. റിപ്പബ്ലിക്കന്‍ ഹിന്ദു കോലീഷന്‍ ആണ് വീഡിയോ ഇറക്കിയത്.
മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോയില്‍, ട്രംപിനൊപ്പമുള്ളത് റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യത്തില്‍ നിന്നുള്ള ഇന്ത്യന്‍ വ്യവസായി ശലഭ് കുമാറാണ്. 2016-ല്‍ ഇന്ത്യന്‍-അമേരിക്കക്കാരുടെ മനസ്സില്‍ ഇടംനേടിയ ‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന ഹിന്ദി മുദ്രാവാക്യത്തിന് ലഭിച്ച പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ നീക്കം. ആ മുദ്രാവാക്യത്തിന് പിന്നിലും ശലഭ് കുമാറായിരുന്നു.
ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍മാര്‍ തിരിച്ചുപിടിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഏറ്റവും പുതിയ സര്‍വേകളും സൂചിപ്പിക്കുന്നത്. ‘സെനറ്റിലേക്ക് അഞ്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് ശലഭ്കുമാര്‍ പറഞ്ഞു. പെന്‍സില്‍വാനിയ, ഒഹായോ, വിസ്‌കോണ്‍സിന്‍, അരിസോണ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലാണ് സെനറ്റ് മത്സരങ്ങള്‍. ‘ഹിന്ദു വോട്ടുകള്‍ മാറ്റമുണ്ടാക്കുമെന്ന് കുമാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post