ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രൻ (അറ്റ്‌ലസ് രാമചന്ദ്രൻ-80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും , മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ബിസിനസുകളിലേക്ക് തിരിയുകയായിരുന്നു. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിലൂടെ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കിടയിലും ഏറെ പ്രശസ്തി നേടി. ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമ്മാണ മേഖലകളിൽ നിക്ഷേപം നടത്തി. വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിങ്, 2 ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്‍റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018ലാണ് ജയിൽ മോചിതനായത്.
Discussion about this post