ഇറാൻ: ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മഹ്‌സയുടെ മരണത്തിന് പിന്നാലെ പതിനായിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. മഹ്‌സയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇവർ ഹിജാബുകൾ കത്തിക്കുകയും, മുടി മുറിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക കുറിപ്പ് പങ്കുവച്ചത്. ‘ ഇറാനിലെ സദാചാര പോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സ്ത്രീകൾ ശബ്ദമുയർത്തുകയാണ്. പ്രതിഷേധ സൂചകമായി അവർ പരസ്യമായി മുടി മുറിക്കുകയാണ്. അടിച്ചമർത്തപ്പെട്ട ശബ്ദം ഒരു അഗ്നിപർവ്വതം പോലെയാണ് പൊട്ടിത്തെറിക്കുന്നത്. അതിനെ ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തിലും, ഓരോരുത്തരും കാണിക്കുന്ന ഈ ധൈര്യത്തിലും ഞാൻ അത്ഭുതപ്പെടുകയാണ്. പുരുഷാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങൾ ധൈര്യശാലികളായ സ്ത്രീകളാണ്.
ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കിൽ നമ്മൾ തീർച്ചയായും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും, അവരോടൊപ്പം അണിചേരുകയും വേണം. ശബ്ദമുയർത്താൻ കഴിയുന്നവരെല്ലാം ഇവരോടൊപ്പം പങ്കുചേരുക. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ ശബ്ദവും ചേർക്കുക. കാരണം ഇനിയും ഈ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഒരിക്കലും സാധിക്കില്ല. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ജിൻ, ജിയാൻ, ആസാദി… സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നാണ് പ്രിയങ്ക കുറിച്ചത്.
Discussion about this post