ടെഹ്‌റാന്‍: കുട്ടികളെയും സ്ത്രീകളെയും വധിക്കുന്ന ഇറാന്‍ ഭരണകൂട നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമത്തുന്നതിന്‍റെ പേരിലാണ് വ്യാപകമായ അക്രമം നടക്കുന്നത്. ഇതിനകം നൂറുകണക്കിന് കുട്ടികളെ ഇറാനിലെ വല നഗരങ്ങളിലും കാണാതായി.
വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 28 പേര്‍ കുട്ടികളാണെന്ന് മനുഷ്യവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സപ്തംബര്‍ 30ന് ഒരു പോലീസ് കമാന്‍ഡര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ചയ്ക്കിടയില്‍ തടവിലാക്കപ്പെട്ട പ്രക്ഷോഭരുടെ ശരാശരി പ്രായം 15 ആണ്. 12 നും 19 നും ഇടയില്‍ പ്രായമുള്ള 300 ഓളം പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും അവരില്‍ ചിലര്‍ പ്രായപൂര്‍ത്തിയായ മയക്കുമരുന്ന് കുറ്റവാളികള്‍ക്കുള്ള തടങ്കല്‍ കേന്ദ്രങ്ങളിലാണെന്നും മനുഷ്യാവകാശ സംഘടനകളുടെ അഭിഭാഷകന്‍ ഹസ്സന്‍ റൈസി പറഞ്ഞു.
ഇറാനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകേണ്ട സമയമായെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. കുട്ടികളെ കൊല്ലുന്ന നടപടി അപലപനീയവും ക്രൂരവുമാണെന്ന് കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി ട്വീറ്റ് ചെയ്തു.
അതേസമയം സ്ഫഹാന്‍, കരാജ്, സാക്കസ് നഗരങ്ങളില്‍ വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ ജന്മനാടായ സാക്കസില്‍ പ്രക്ഷോഭകര്‍ അക്രമാസക്തരായെന്ന് കുര്‍ദിഷ് ന്യൂസ് ഗ്രൂപ്പായ ഹെന്‍ഗാവ് പറയുന്നു.
നോര്‍വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ പങ്കിട്ട വീഡിയോകളില്‍ ഇസ്ഫഹാന്‍, കരാജ് നഗരങ്ങളിലെ പ്രകടനങ്ങള്‍ക്കുനേരെ സൈന്യം വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളുണ്ട്. സമരം ചെയ്യുന്നത് ഇറാന്റെ ശത്രുക്കളാണെന്ന ഇസ്ലാമിക മതമേധാവി ആയത്തുള്ള അലി ഖൊമേനി ബുധനാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് സൈന്യം അക്രമം കടുപ്പിച്ചത്.
കുര്‍ദിസ്ഥാനില്‍മാത്രം ഇതുവരെ 108 പേരെയും സഹെദാനില്‍ കുറഞ്ഞത് 93 പേരെയും വധിച്ചു. തെക്ക് പടിഞ്ഞാറ് അസലൂയി പെട്രോകെമിക്കല്‍ പ്ലാന്റിലും പടിഞ്ഞാറ് അബാദനിലും തെക്ക് ബുഷെറിലും തൊഴിലാളികളും പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നതായും വാര്‍ത്തകളുണ്ട്.
പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനിലെ സനന്ദജ്, തെക്കുകിഴക്കന്‍ ഭാഗത്തുള്ള സഹെദാന്‍ എന്നിവിടങ്ങളിലും പ്രക്ഷോഭം രൂക്ഷമാണ്. അതേസമയം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അകത്തിരിക്കാതെ പുറത്തിറങ്ങി പ്രക്ഷോഭത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് ടെഹ്‌റാനിലെ ആസാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ നഗരത്തില്‍ പ്രകടനം നടത്തി. ‘ഞങ്ങള്‍ക്ക് കാഴ്ചക്കാരെ ആവശ്യമില്ല’ എന്ന പ്ലക്കാര്‍ഡുമായിട്ടായിരുന്നു പ്രകടനം.
Discussion about this post